കൊൽക്കത്ത: ഭീകരകേന്ദ്രങ്ങൾക്കുനേരെ നടന്ന വ്യോമാക്രമണത്തിന്റെ ലക്ഷ്യം ആൾനാശമായിരുന്നില്ലെന്നും മറിച്ച് അതിർത്തികടന്നും ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ശേഷിയുണ്ടെന്ന സന്ദേശം നൽകലായിരുന്നെന്നും കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ.

ആക്രമണത്തിൽ എത്രയാളുകൾ കൊല്ലപ്പെട്ടെന്ന് പ്രധാനമന്ത്രിയോ സർക്കാർ വക്താക്കളോ പറഞ്ഞിട്ടില്ല. മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളുമാണ് മരിച്ചവരുടെ എണ്ണം പറഞ്ഞത് -ശനിയാഴ്ച കൊൽക്കത്തയിൽ അദ്ദേഹം പറഞ്ഞു.

വ്യോമാക്രമണത്തിൽ മുന്നൂറ്റമ്പതിലേറെപ്പേർ കൊല്ലപ്പെട്ടെന്ന അവകാശവാദങ്ങൾ മുഖ്യമന്ത്രി മമതാ ബാനർജിയടക്കമുള്ളവർ ചോദ്യംചെയ്തിരുന്നു. ആക്രമണത്തിന്റെ വിശദാംശങ്ങൾ പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് ഡാർജിലിങ്ങിൽനിന്നുള്ള എം.പി.യായ അലുവാലിയയുടെ പ്രസ്താവന.

പ്രസ്താവന ആയുധമാക്കി സർക്കാരിനെതിരേ സി.പി.എം. രംഗത്തെത്തി. പാകിസ്താനിലെ ഭീകരക്യാമ്പ് തകർത്തെന്ന അവകാശവാദത്തിൽനിന്ന് സർക്കാർ പിൻവലിഞ്ഞോയെന്ന് സി.പി.എം. ട്വിറ്ററിൽ ആരാഞ്ഞു. അലുവാലിയയുടെ പ്രസ്താവനയുടെ വീഡിയോദൃശ്യമടക്കം പോസ്റ്റുചെയ്തായിരുന്നു ട്വീറ്റ്.

പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി ഞായറാഴ്ചയും മന്ത്രി അലുവാലിയ ആവർത്തിച്ചു.

content highlights: Air strikes were meant to warn, not kill.’ says Union minister Ahluwalia