ന്യൂഡൽഹി: പാകിസ്താനിലെ ബാലാകോട്ടിൽ െജയ്ഷെ മുഹമ്മദിന്റെ പ്രധാന പരിശീലനകേന്ദ്രം വ്യോമസേന ബോംബിട്ട്‌ നശിപ്പിച്ചതിനുപിന്നിൽ 200 മണിക്കൂർനീണ്ട ആസൂത്രണം. പുൽവാമയ്ക്കുശേഷം ഇന്ത്യയിൽ രണ്ടാമതും ഭീകരാക്രമണത്തിന്‌ പദ്ധതിയിടുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചടിക്കാൻ ഇന്ത്യ പദ്ധതിയൊരുക്കിയത്.

ഫെബ്രുവരി 14 ഭീകരാക്രമണത്തിന്‌ രണ്ടുദിവസം കഴിഞ്ഞാണ് ബാലാകോട്ടിലെ ഭീകരകേന്ദ്രത്തെക്കുറിച്ചും വീണ്ടും ആക്രമണംനടത്താൻ ആസൂത്രണം നടക്കുന്നതായും വ്യക്തമായ വിവരം ലഭിച്ചത്. ഇന്ത്യയിലൊരിടത്ത് പുൽവാമയിലേക്കാൾ വലിയ ആക്രമണമാണ് പദ്ധതിയിട്ടിരുന്നത്. വിവരം ലഭിച്ച ഉടൻ ഉന്നതതലങ്ങളിൽ പലവട്ടം ചർച്ചകൾ നടന്നു.

ഓരോകാര്യവും പരിശോധിച്ച് പഴുതടച്ച് പദ്ധതി തയ്യാറാക്കാൻ 200 മണിക്കൂർ വേണ്ടിവന്നതായാണ് വിവരം. പുൽവാമ ആക്രമണത്തിനുശേഷം െജയ്ഷെ താവളമായ ബാലാകോട്ട് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. പുൽവാമ ഭീകരാക്രമണവും ബാലാകോട്ടിൽനിന്ന് പദ്ധതിയിട്ടതാവാമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നു.

content highlights: air strike on Balakot