ന്യൂഡൽഹി: രാജ്യത്ത് എട്ടിൽ ഒരാൾ മരിക്കുന്നത്‌ വായുമലിനീകരണം കാരണം. രാജ്യത്ത് പുകവലിയെക്കാൾ കൂടുതൽ രോഗികളെയുണ്ടാക്കുന്നതും വായുമലിനീകരണമാണ്. അന്താരാഷ്ട്ര ആരോഗ്യ ജേണലായ ‘ദ ലാൻസെറ്റ് പ്ലാനെറ്ററി ഹെൽത്തി’ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരമുള്ളത്.

എല്ലാ സംസ്ഥാനങ്ങളിലെയും വായുമലിനീകരണം മൂലമുണ്ടാകുന്ന മരണം, രോഗങ്ങൾ, ആയുർദൈർഘ്യത്തിലെ കുറവ് എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയ ആദ്യത്തെ റിപ്പോർട്ടാണിത്. ലോകജനസംഖ്യയുടെ 18 ശതമാനം പേരാണ് ഇന്ത്യയിലുള്ളത്. എന്നാൽ, ലോകത്ത് വായുമലിനീകരണം കാരണമുണ്ടാകുന്ന മരണങ്ങളുടെയും രോഗങ്ങളുടെയും 26 ശതമാനവും ഇവിടെയാണ്. 2017-ൽ വായുമലിനീകരണം കാരണം രാജ്യത്ത് 12.4 ലക്ഷം പേരാണ്‌ മരിച്ചത്. ഇതിൽ പാതിയും 70 വയസ്സിൽ താഴെയുള്ളവരാണ്. വായുമലിനീകരണത്തിന്റെ തോത് ആരോഗ്യത്തിന്‌ ഹാനികരമാകാത്ത അളവിലായിരുന്നുവെങ്കിൽ രാജ്യത്തെ ശരാശരി ആയുർദൈർഘ്യം ഇപ്പോഴത്തേതിനെ അപേക്ഷിച്ച് 1.7 വർഷം അധികമായേനെയെന്നും റിപ്പോർട്ട് അഭിപ്രായപ്പെടുന്നു.

സാമൂഹികവികസന സൂചികയിൽ താഴെയുള്ള സംസ്ഥാനങ്ങളിൽ വീട്ടിലുപയോഗിക്കുന്ന വിറക് അടക്കമുള്ള ഖര ഇന്ധനങ്ങളുണ്ടാക്കുന്ന വായുമലിനീകരണമാണ് പുറത്തെ മലിനീകരണത്തെക്കാൾ കൂടുതൽ മരണത്തിന് ഇടയാക്കുന്നത്. എന്നാൽ, തമിഴ്‌നാടും കേരളവും പോലുള്ള സാമൂഹിക വികസന സൂചിക ഉയർന്ന സംസ്ഥാനങ്ങളിൽ ഈ കണക്കിൽ വ്യത്യാസമുണ്ട്. തമിഴ്നാട്ടിൽ വീടുകളിലെ മലിനീകരണത്തിൽ മരിക്കുന്നവരുടെ ഇരട്ടി പുറത്തെ മലിനീകരണം കൊണ്ട് മരിക്കുന്നു. കേരളത്തിൽ ഈ രണ്ടുതരം മലിനീകരണം കൊണ്ടും മരിക്കുന്നവരുടെ എണ്ണം ഏതാണ്ട് തുല്യമാണ്.

കാർബൺ ഡയോക്സൈഡ് പുറത്തുവിടലിലും ഇന്ത്യ തന്നെ

കാർബൺ ഡയോക്സൈഡ് പുറംതള്ളുന്ന രാജ്യങ്ങളിൽ ലോകത്ത് നാലാംസ്ഥാനത്താണ് ഇന്ത്യ. ലോകത്താകെ പുറംതള്ളുന്ന കാർബൺ ഡയോക്സൈഡിൽ ഏഴു ശതമാനവും ഇവിടെ നിന്നാണെന്ന് ഗ്ലോബൽ കാർബൺ പ്രോജക്ടിന്റെ പഠനറിപ്പോർട്ടിൽ പറയുന്നു.

ചൈന (27 ശതമാനം), യു.എസ്. (15), യൂറോപ്യൻ യൂണിയൻ (10) എന്നിവരാണ് ആദ്യ മൂന്നുസ്ഥാനങ്ങളിൽ. ബാക്കിയുള്ള രാജ്യങ്ങളെല്ലാംകൂടി ചേർന്നാലും 41 ശതമാനമേ വരൂ.

രാജ്യത്ത് ഈവർഷം പുറത്തുവിട്ട കാർബൺ ഡയോക്സൈഡിന്റെ അളവ് ശരാശരി 6.3 ശതമാനമാണ്‌ കൂടിയത്. കൽക്കരി (7.1 ശതമാനം), എണ്ണ (2.9), ഗ്യാസ് (6) എന്നിങ്ങനെയുള്ള ഇന്ധനങ്ങളുടെ ഉപയോഗത്തിലെ വർധനയാണ് ഇതിനുകാരണമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.