ന്യൂഡൽഹി: എയർ ഇന്ത്യയുടെ വിൽപ്പന സംബന്ധിച്ച സമ്മതപത്രം കേന്ദ്രസർക്കാർ ടാറ്റയ്ക്ക് തിങ്കളാഴ്ച കൈമാറിയേക്കും. ഓഹരി വിൽപ്പനക്കരാർ ഒരാഴ്ചയ്ക്കുള്ളിൽ ഒപ്പുവെക്കുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ പറഞ്ഞു. ടാറ്റാ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ടലസ് പ്രൈവറ്റ് ലിമിറ്റഡിന് എയർ ഇന്ത്യാ വിമാനക്കമ്പനി കൈമാറാനുള്ള തീരുമാനം വെള്ളിയാഴ്ചയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

സമ്മതപത്രം, ഓഹരി വിൽപ്പനക്കരാർ എന്നിവ സംബന്ധിച്ച നിയമനടപടികൾ പൂർത്തിയായിക്കഴിഞ്ഞെന്ന് തുഹിൻ കാന്ത പാണ്ഡേ പറഞ്ഞു. കരാർ ഒപ്പുവെച്ചശേഷം ലേലക്കാരുടെയും ബന്ധപ്പെട്ടവരുടെയും അനുമതി നേടും.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ പറക്കൽ ശേഷിയുള്ള 141 വിമാനങ്ങൾ കൈമാറാനാണ് ധാരണ. ഇതിൽ 118 വിമാനങ്ങൾ എയർ ഇന്ത്യയുടേതാണ്. ഇത് കൂടാതെയുള്ള 23 വിമാനങ്ങൾക്ക് 1800 കോടി ചെലവിൽ അറ്റകുറ്റപ്പണി ആവശ്യമാണ്. ഇത് ടാറ്റയാണ് നടപ്പാക്കേണ്ടത്. ക്യാബിൻ നിലവാരം മെച്ചപ്പെടുത്തൽ ഉൾപ്പെടെയുള്ള നടപടികൾക്കായി രണ്ടുവർഷങ്ങൾക്കുള്ളിൽ 3000 കോടിയോളം ചെലവിടേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

എയർ ഇന്ത്യയുടെ 58 എയർ ബസുകൾ (എ 320), 14 ബോയിങ് 777, 22 ഡ്രീംലൈനർ ‍(ബി 787), എയർ ഇന്ത്യ എക്സ്പ്രസിന്റെ 24 ബി 737 വിമാനങ്ങൾ എന്നിവയാണ് കൈമാറുന്നത്.