ന്യൂഡൽഹി: സിവിൽ സർവീസ് അഭിമുഖത്തിനെത്തുന്നവർക്ക് ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാനക്കൂലി നൽകാൻ യു.പി.എസ്.സി. തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങൾകാരണം തീവണ്ടിസർവീസുകൾ പൂർണമായും പ്രവർത്തനക്ഷമമല്ലാത്ത സാഹചര്യത്തിലാണിത്.
ഉദ്യോഗാർഥികൾക്ക് മറ്റ് ഗതാഗതസംവിധാനങ്ങളും താമസസൗകര്യവും കമ്മിഷൻ ഏർപ്പെടുത്തും. ഒറ്റത്തവണത്തേക്കു മാത്രമായിരിക്കും സൗകര്യം. അഭിമുഖത്തിന് കത്തുലഭിച്ചവർക്ക് കോവിഡ് കാരണം അടച്ച മേഖലകളിൽനിന്നടക്കം പുറത്തുവന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കണമെന്ന് സംസ്ഥാനങ്ങളോട് യു.പി.എസ്.സി. അഭ്യർഥിച്ചിട്ടുണ്ട്. 2304 ഉദ്യോഗാർഥികൾക്ക് അഭിമുഖം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് മാർച്ച് അവസാനം സർക്കാർ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. തുടർന്ന് ബാക്കിവന്ന 623 പേരുടെ അഭിമുഖം നീട്ടിവെച്ചു.
അൺലോക് പ്രക്രിയ തുടങ്ങിയതോടെയാണ് വീണ്ടും അഭിമുഖം നടത്താൻ യു.പി.എസ്.സി. തീരുമാനിച്ചത്. തിങ്കളാഴ്ചമുതൽ ജൂലായ് 30 വരെയാണ് മാറ്റിവെച്ചവരുടെ അഭിമുഖം നടക്കുന്നത്. അഭിമുഖത്തിനെത്തുന്നവർക്ക് മുദ്രവെച്ച കിറ്റിൽ മുഖാവരണം, ഷീൽഡ്, സാനിറ്റൈസർ, കൈയുറ എന്നിവ കമ്മിഷൻ നൽകും.
Content Highlights: Air fares will be allowed for those appearing for civil service interviews- upsc