ചെന്നൈ: പാർട്ടി ജനറൽസെക്രട്ടറിയെന്ന ശശികലയുടെ അവകാശവാദത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ. നേതൃത്വം. ശശികലയ്ക്ക് എ.ഐ.എ.ഡി.എം.കെ. യുമായി യാതൊരു ബന്ധവുമില്ലെന്നും തങ്ങളുടെ നേതൃത്വത്തിലുള്ളതാണ് യഥാർഥ എ.ഐ.എ.ഡി.എം.കെ. യെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും കോടതിയും ഉത്തരവിട്ടിട്ടുണ്ടെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു. പാർട്ടി സുവർണ ജൂബിലിയോടനുബന്ധിച്ച് സ്ഥാപിച്ച ശിലാഫലകത്തിൽ ശശികലയുടെ പേരിനുകീഴിൽ എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി എന്ന് രേഖപ്പെടുത്തിയതിനെത്തുടർന്നാണ് ഇതിനെതിരേ ഔദ്യോഗിക വിഭാഗം രംഗത്തെത്തിയത്.

എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി എന്ന നിലയിലാണ് രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് ശശികല പ്രസ്താവനകൾ ഇറക്കുന്നത്. എ.ഐ.എ.ഡി.എം.കെ. യുടെ കൊടികെട്ടിയ കാറിലാണ് യാത്ര. കഴിഞ്ഞദിവസം എം.ജി.ആർ. മ്യൂസിയത്തിൽ പാർട്ടി കൊടി ഉയർത്തുകയും എം.ജി.ആറിന്റെ വീട്ടുവളപ്പിൽ എ.ഐ.എ.ഡി.എം.കെ. യുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച പ്രത്യേക സമ്മേളനവും നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശശികലയ്‌ക്കെതിരേ നിയമ നടപടിയ്‌ക്കൊരുങ്ങുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മോചിതയായി ബംഗളൂരുവിലെ ജയിലിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലും ശശികല എ.ഐ.എ.ഡി.എം.കെ. കൊടിവെച്ച കാറിലായിരുന്നു യാത്ര ചെയ്തത്. നിയമനടപടിയെടുക്കുമെന്ന് അന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് ശശികല പ്രഖ്യാപിച്ചതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ശശികല പാർട്ടിയിൽ തിരിച്ചെത്താൻ ശ്രമം തുടങ്ങിയതോടെയാണ് നിയമനടപടിയ്ക്കൊരുങ്ങുന്നത്. ശശികലയ്ക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് പളനിസ്വാമി വ്യക്തമാക്കി.

ശശികല രാഷ്ട്രീയത്തിൽ സജീവമാകുന്നത് പാർട്ടിയെ ബാധിക്കുന്ന വിഷയമല്ല. വൈര്യം മറന്ന് ഒരുമിക്കണമെന്ന ശശികലയുടെ ആഹ്വാനത്തെയും തള്ളി. ഈ വിഷങ്ങളൊന്നും ഇപ്പോൾ പാർട്ടിയ്ക്ക് മുന്നിൽ ഇല്ലെന്നും പളനിസ്വാമി വ്യക്തമാക്കി. ശശികലയുടെ തിരിച്ചുവരവിനെ പളനിസ്വാമി തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും പാർട്ടി കോ-ഓർഡിനേറ്റർ ഒ. പനീർശെൽവം ഇതേക്കുറിച്ച് പരസ്യനിലപാട് സ്വീകരിച്ചിട്ടില്ല.

content highlights: aiadmk to take legal action against sasikala