ചെന്നൈ: അമ്മ ബ്രാൻഡിൽ വീടും വാഷിങ് മെഷീനും നൽകുന്ന പദ്ധതി ഉൾപ്പെടെ ജനപ്രിയ വാഗ്ദാനങ്ങളുമായി എ.ഐ.എ.ഡി.എം.കെ.യുടെ പ്രകടനപത്രിക. അമ്മ ഇല്ലം എന്നപേരിലാണ് വീടില്ലാത്തവർക്ക് വീട് നിർമിച്ചുനൽകുന്നത്. സൗജന്യമായി വാഷിങ് മെഷീൻ നൽകുന്ന അമ്മ വാഷിങ് മെഷീൻ പദ്ധതിക്കൊപ്പം എല്ലാ കുടുംബങ്ങൾക്കും സൗരോർജ സ്റ്റൗ നൽകുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും സംയുക്തമായി പുറത്തിറക്കിയ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.

ഒരുവീട്ടിൽ കുറഞ്ഞത് ഒരാൾക്ക് സർക്കാർജോലി, വിദ്യാർഥികൾക്ക് ദിവസം രണ്ട് ജി.ബി. ഇന്റർനെറ്റ് ഡേറ്റ, വിദ്യാഭ്യാസ-കാർഷിക വായ്പകൾ എഴുതിത്തള്ളും, റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ, വീട്ടമ്മമാർക്ക് പ്രതിമാസം 1500 രൂപ, വർഷത്തിൽ ആറ് പാചകവാതക സിലിൻഡർ സൗജന്യം, ഇന്ധനവില കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളും തമിഴ്നാട്ടിലെ ഭരണകക്ഷിയുടെ പ്രകടനപത്രികയിൽ ഇടംനേടി.

പൗരത്വനിയമഭേദഗതിയിൽ മലക്കംമറിഞ്ഞു

പൗരത്വനിയമഭേദഗതി റദ്ദാക്കാൻ സമ്മർദംചെലുത്തുമെന്നും എ.ഐ.എ.ഡി.എം.കെ.യുടെ പ്രകടനപത്രിക. എൻ.ഡി.എ. സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ. ഇതുവരെ പൗരത്വനിയമഭേദഗതിയെ അനുകൂലിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഇപ്പോൾ ഇതിനുവിരുദ്ധമായ നിലപാട് പ്രകടനപത്രികയിൽ ഉൾപ്പെടുത്തി.

ന്യൂനപക്ഷവിഭാഗങ്ങളെ സംരക്ഷിക്കുന്ന നയമാണ് പാർട്ടി എന്നും പിന്തുടർന്നിട്ടുള്ളതെന്നും ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിന്റെ പേരിൽ നയത്തിൽ മാറ്റംവരുത്തിയിട്ടില്ലെന്നുമാണ് ഇതുസംബന്ധിച്ച് എ.ഐ.എ.ഡി.എം.കെ. നേതൃത്വത്തിന്റെ വിശദീകരണം.

Content Highlights: AIADMK Tamil Nadu