ചെന്നൈ: അമ്മ മക്കൾ മുന്നേറ്റ കഴകവും (എ.എം.എം.കെ.) എ.ഐ.എ.ഡി.എം.കെയും ലയനത്തിന് നീക്കമാരംഭിച്ചുവെന്ന് ടി.ടി.വി. ദിനകരൻ പക്ഷ നേതാവ് തങ്കത്തമിഴ് സെൽവൻ പറഞ്ഞു. എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് ദിനകരൻ ആരംഭിച്ച പാർട്ടിയാണ് എ.എം.എം.കെ. ഒന്നിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് വിജയം സാധ്യമല്ലെന്ന്‌ മനസ്സിലാക്കിയതിനാൽ ലയനത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. തിരുനൽവേലിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു തങ്കത്തമിഴ് സെൽവൻ.

എ.എം.എം.കെ. ശക്തിയാർജിച്ച് വരികയാണ്. ഉപതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താൻ പാർട്ടിക്ക്‌ കഴിയും. അങ്ങനെ സംഭവിച്ചാൽ തങ്ങളുമായി ഒന്നിക്കാൻ എ.ഐ.എ.ഡി.എം.കെ. തയ്യാറാകേണ്ടി വരും. അതിന് സാധിച്ചില്ലെങ്കിൽ പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ സാധിക്കില്ല. വോട്ട് ഭിന്നിക്കുന്നത് ഒഴിവാക്കുന്നതിന് ഒന്നിക്കണം. ഇത് മനസ്സിലാക്കി ചില നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇരുപാർട്ടികളെയും ഒന്നിപ്പിക്കാൻ ബി.ജെ.പിയാണ് ഇടനില വഹിക്കുന്നതെന്നും തങ്കത്തമിഴ് സെൽവൻ പറഞ്ഞു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിൻവലിച്ചതിനെ തുടർന്ന് അയോഗ്യരാക്കപ്പെട്ട 18 എം.എൽ.എമാരിൽ ഒരാളാണ് തങ്കത്തമിഴ് സെൽവൻ. എ.ഐ.എ.ഡി.എം.കെ. പിളർന്നതിന് ശേഷം പളനിസ്വാമി പക്ഷത്തെയും പനീർസെൽവം പക്ഷത്തെയും ഒന്നിപ്പിച്ചത് ബി.ജെ.പി. കേന്ദ്ര നേതൃത്വമാണെന്ന് എ.ഐ.എ.ഡി.എം.കെ. നേതാക്കൾ പോലും സമ്മതിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് താൻ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്ന് പനീർസെൽവം ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ എ.ഐ.എ.ഡി.എം.കെയെയും ദിനകരൻ പക്ഷത്തെയും ഒന്നിപ്പിക്കാനും ബി.ജെ.പി. രംഗത്തിറങ്ങിയെന്നാണ് തങ്കത്തമിഴ് സെൽവൻ സൂചിപ്പിച്ചത്.

അയോഗ്യരാക്കപ്പെട്ട 18 എം.എൽ.എ.മാരുടെ മണ്ഡലങ്ങൾ അടക്കം 20 മണ്ഡലങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിലെങ്കിലും വിജയിക്കാൻ സാധിക്കാതെ വന്നാൽ എ.ഐ.എ.ഡി.എം.കെ. സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. ഇൗ സ്ഥിതിയിൽ അവർ ലയനത്തിന് തയ്യാറാകുമെന്നാണ് ദിനകരൻ പക്ഷത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ ശശികല കുടുംബവുമായി ഒരിക്കലും കൂടില്ലെന്നാണ് എ.ഐ.എ.ഡി.എം.കെ. നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.