ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. വൈകാതെ എന്‍.ഡി.എ. സഖ്യത്തില്‍ ചേരുമെന്ന സൂചനയുമായി പാര്‍ട്ടി മുഖപത്രം.

ബി.ജെ.പി.യും എ.ഐ.എ.ഡി.എം.കെ.യുമായുള്ള ബന്ധം ഇരട്ടക്കുഴല്‍ തോക്കു പോലെയായിരിക്കുമെന്ന് പാര്‍ട്ടിപത്രമായ 'നമത് പുരട്ചിതലൈവി അമ്മ'യില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം പറയുന്നു. എത്ര പ്രതിഷേധം നടന്നാലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധിക്കില്ല. സഖ്യത്തിലേക്കുള്ള വഴിതുറന്നിരിക്കുകയാണ്. ഇരുപാര്‍ട്ടികളുടെയും നേതൃത്വം തീരുമാനമെടുത്താല്‍മാത്രം മതിയെന്നും മുഖപ്രസംഗം പറയുന്നു.

ബി.ജെ.പി.യുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം കൂടുതല്‍ ദൃശ്യമായിരിക്കുകയാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ അസ്വാരസ്യങ്ങളുണ്ടാക്കാന്‍ ഡി.എം.കെ. അനാവശ്യ സമരങ്ങള്‍ നടത്തുകയാണ്. കാവേരിപ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുന്നതിനുവേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുകയാണ്. ഈ വിഷയത്തില്‍ സമരം നടത്തുന്ന ഡി.എം.കെ.യ്ക്ക് ജനപിന്തുണയില്ല. പ്രധാനമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുകയാണ്.

ഡി.എം.കെ.യുടെ രാഷ്ട്രീയമര്യാദയില്ലാത്ത നടപടിയായിരുന്നു പ്രധാനമന്ത്രിക്കുനേരെയുള്ള പ്രതിഷേധം. ആത്മാഭിമാനം നഷ്ടമായ പാര്‍ട്ടിയാണ് ഡി.എം.കെ.യെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.

തദ്ദേശ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും സഖ്യം പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്. എടപ്പാടി പളനിസ്വാമി പക്ഷവുമായി ലയിക്കാന്‍ തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണെന്ന് കുറച്ചുനാള്‍ മുന്‍പ്, ഉപമുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. കോ-ഓര്‍ഡിനേറ്ററുമായ ഒ. പനീര്‍ശെല്‍വം വെളിപ്പെടുത്തിയിരുന്നു. മന്ത്രിസഭയുടെ ഭാഗമായതും മോദിയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരടക്കം പല എ.ഐ.എ.ഡി.എം.കെ. നേതാക്കളും ബി.ജെ.പി.യുമായുള്ള ബന്ധം സ്ഥിരീകരിക്കുന്ന പ്രസ്താവന നടത്തിയിട്ടുണ്ട്.

കാവേരി വിഷയത്തില്‍ പ്രതിപക്ഷം ഒന്നടങ്കം കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നിട്ടും മോദിസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എ.ഐ.എ.ഡി.എം.കെ. നേതൃത്വം തയ്യാറായിരുന്നില്ല.