photoഅഹമ്മദാബാദ്: 'ഞാന്‍ വിഷ്ണുവിന്റെ പത്താം അവതാരമായ കല്‍ക്കിയാണ്. ലോകമനസ്സാക്ഷിയെ മാറ്റാനുള്ള തപസ്സിലായതിനാല്‍ ഓഫീസിലേക്കുവരാന്‍ സാധിക്കില്ല. എന്റെ തപസ്സിന്റെ ഫലമായാണ് 19 വര്‍ഷമായി രാജ്യത്ത് നന്നായി മഴ പെയ്യുന്നത്.' ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ പുനരധിവാസ ഏജന്‍സി(എസ്.എസ്.പി.എ.)യില്‍ എന്‍ജിനീയറായ രമേഷ്ചന്ദ്ര ഫേഫാറിന് ജോലിക്കു വരാത്തതിനെത്തുടര്‍ന്ന് ഏജന്‍സി അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് ലഭിച്ച മറുപടിയാണിത്. സാമൂഹികമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരിക്കുകയാണ് ഈ കാരണം കാണിക്കല്‍ നോട്ടീസും മറുപടിയും.
 
'നിങ്ങള്‍ വിശ്വസിച്ചില്ലെങ്കിലും ഞാന്‍ വിഷ്ണുവിന്റെ പത്താം അവതാരംതന്നെയാണ്. വരും ദിവസങ്ങളില്‍ നിങ്ങള്‍ക്കതു തെളിയിച്ചു തരാം. 2010-ല്‍ ഓഫീസിലിരിക്കുമ്പോഴാണ് കല്‍ക്കിയുടെ അവതാരമാണെന്ന തിരിച്ചറിവുണ്ടാകുന്നത്. അന്നു മുതല്‍ എന്നില്‍ ദൈവികമായ കഴിവുകള്‍ ഉണ്ട്'- രാജ്‌കോട്ടിലെ വസതിയില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കവേ ഫേഫാര്‍ പറഞ്ഞു. വീട്ടിലിരുന്നുകൊണ്ടു മാത്രമേ ലോകത്തെ മാറ്റാനുള്ള ഈ തപസ്സ് ചെയ്യാന്‍ സാധിക്കൂവെന്നും ഓഫീസില്‍ ഇരുന്നുകൊണ്ട് സാധിക്കില്ലെന്നും ഫേഫാര്‍ ഏജന്‍സിക്ക് അയച്ച മറുപടിയില്‍ പറയുന്നു.
 
ജോലിക്കു വന്ന് വെറുതെ സമയംകളയണോ അതോ രാജ്യത്തെ വരള്‍ച്ചയില്‍നിന്നു രക്ഷിക്കാനുള്ള തപസ്സിനായി വിടണോ എന്ന് ഏജന്‍സിക്കു തീരുമാനിക്കാമെന്നാണ് ഫേഫാറിന്റെ നിലപാട്. കഴിഞ്ഞ എട്ടുമാസത്തിനിടെ ഫേഫാര്‍ വഡോദരയിലെ ഓഫീസിലിരുന്നത് വെറും 16 ദിവസമാണ്. ഫേഫാറിന്റെ സമീപനം ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനു ചേര്‍ന്നതല്ലെന്നും അതുകാരണം ജോലികള്‍ തടസ്സപ്പെടുന്നുണ്ടെന്നും കമ്പനി അയച്ച നോട്ടീസില്‍ പറയുന്നു.