അഹമ്മദാബാദ്: ഉത്തരഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരംഭിച്ച പര്യടനത്തില്‍ എട്ട് ക്ഷേത്രദര്‍ശനങ്ങളും ഉള്‍പ്പെടുന്നു. ശനിയാഴ്ച ഗാന്ധിനഗറില്‍ അക്ഷര്‍ധാം ക്ഷേത്രദര്‍ശനത്തോടെ തുടക്കമിട്ട തിരഞ്ഞെടുപ്പ് പ്രചാരണം അദ്ദേഹം അവസാനിപ്പിച്ചത് പ്രശസ്തമായ അംബാജി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാണ്.കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണത്തിന്റെയും ചില ഹൈന്ദവവിഭാഗങ്ങള്‍ ബി.ജെ.പിയെ എതിര്‍ക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ രാഹുലിന്റെ ക്ഷേത്രദര്‍ശനങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. കോണ്‍ഗ്രസിന്റെ നവസര്‍ജന്‍ യാത്രയുടെ അവസാന പാദമാണ് വടക്കന്‍ ഗുജറാത്തിലെ ആറ് ജില്ലകളില്‍ തിങ്കളാഴ്ച വരെ പര്യടനം നടത്തുക. ചിലോഡ സര്‍ക്കിളിലാണ് ശനിയാഴ്ച രാവിലെ പ്രചാരണം തുടങ്ങേണ്ടിയിരുന്നത്. കാര്യപരിപാടിയില്‍ ഇല്ലാതിരുന്ന അക്ഷര്‍ധാം ക്ഷേത്രത്തിലേക്കാണ് രാഹുല്‍ ആദ്യം പോയത്.
 
പട്ടേല്‍ സമുദായത്തില്‍ നിന്നുള്ള ഒട്ടേറെ പേര്‍ അനുയായികളായ സ്വാമിനാരായണ്‍ പ്രസ്ഥാനത്തിന്റെയാണ് ഈ ക്ഷേത്രം. കഴിഞ്ഞ മാസം രജതജൂബിലി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു. അദ്ദേഹം പ്രസ്ഥാനവുമായി തനിക്കുള്ള ദീര്‍ഘബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അക്ഷര്‍ധാം, അംബാജി എന്നിവ കൂടാതെ താര, തോടാന, പാഠന്‍,വരാണ, ശംഖേശ്വര്‍, ബേച്ചാര്‍ജി എന്നീ അമ്പലങ്ങളാണ് രാഹുലിന്റെ പട്ടികയിലുള്ളത്. കഴിഞ്ഞ സെപ്റ്റംബറില്‍ സൗരാഷ്ട്രയില്‍ രാഹുല്‍ നവസര്‍ജന്‍ യാത്ര തുടങ്ങിയത് ദ്വാരകാധീശ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ്. തിരഞ്ഞെടുപ്പു കാലത്ത് മാത്രം രാഹുല്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് മുതലെടുപ്പിന് വേണ്ടിയാണെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ കുറ്റപ്പെടുത്തി.
 
കപടമതേതരത്വം കളഞ്ഞ് മുഖ്യധാരാ ഹിന്ദുത്വത്തെ ബഹുമാനിക്കാന്‍ കോണ്‍ഗ്രസ് നേതാവ് പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രദര്‍ശനത്തിനുള്ള പേറ്റന്റ് ബി.ജെ.പിക്ക് ആരും നല്‍കിയിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് ശക്തിസിങ് ഗോഹിലിന്റെ പ്രതികരണം.ഗാന്ധിനഗര്‍, സബര്‍ക്കന്ധ, ബനസ്‌ക്കന്ധ ജില്ലകളിലെ പൊതുയോഗങ്ങളിലാണ് രാഹുല്‍ ശനിയാഴ്ച സംസാരിച്ചത്. കോണ്‍ഗ്രസിന്റെ സമ്മര്‍ദം മൂലമാണ് ജി.എസ്.ടി നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒറ്റ നിരക്കിലേക്ക് എല്ലാ ഇനങ്ങളും എത്തിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. 'ഇപ്പോഴത്തെ ജി.എസ്.ടി ചെറുകിടക്കാരുടെ നട്ടെല്ലൊടിക്കും. വലിയ പണക്കാരുടെ നട്ടെല്ലിന് ബലം കൂട്ടും'-അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.പട്ടേലുമാര്‍ ധാരാളമുള്ള മജരഗ്രാമത്തില്‍ 'ജയ് പാട്ടീദാര്‍' വിളികളോടെയാണ് കോണ്‍ഗ്രസ് നേതാവിനെ സ്വീകരിച്ചത്. പട്ടേലുമാര്‍ നല്‍കിയ തൊപ്പിയും അദ്ദേഹം കുറച്ചു നേരത്തേക്ക് ധരിച്ചു. പാര്‍ട്ടിയില്‍ ചേര്‍ന്ന ഒ.ബി.സി നേതാവ് അല്‍പ്പേഷ് ഠാക്കൂര്‍ രാഹുലിനൊപ്പമുണ്ട്.