ഗൊരഖ്പുർ: കോവിഡ് കാലത്തും കാർഷികമേഖല വലിയ വളർച്ചയാണ് കൈവരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ വർഷങ്ങളിലായി കർഷകരെ ശക്തിപ്പെടുത്താനും സ്വയംപര്യാപ്തരാക്കാനും സർക്കാർ ആസൂത്രണംചെയ്ത പദ്ധതികളാണ് ഇതിനാധാരമെന്നും ചൗരിചൗര സംഭവത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

കാർഷികമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി പുതിയ ബജറ്റിൽ 40,000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആയിരം വിപണികളുമായാണ് കർഷകരെ ബന്ധിപ്പിച്ചിരിക്കുന്നത്. ഇവയിൽ എവിടെയും കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാം. വോട്ടുബാങ്ക് ലക്ഷ്യംവെച്ചാണ് മുൻകാല സർക്കാരുകൾ ബജറ്റ് തയ്യാറാക്കിയിരുന്നതെന്നും ഒരിക്കലും നിറവേറ്റാനാകാത്ത വാഗ്ദാനങ്ങൾ നൽകാനുള്ള വേദിയായിരുന്നു വർഷങ്ങളായി ബജറ്റുകളെന്നും മോദി പറഞ്ഞു.

കർഷകരുടെ പ്രതിഷേധമായിരുന്നു ചൗരി ചൗര. പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട 19 പേർക്ക് ചരിത്രം അർഹമായ പ്രാധാന്യം നൽകിയിട്ടില്ല -അദ്ദേഹം പറഞ്ഞു. രക്തസാക്ഷികളെ ആദരിക്കാനായി മുന്നിട്ടിറങ്ങിയ ഉത്തർപ്രദേശ് സർക്കാരിനെ ചടങ്ങിൽ അഭിനന്ദിച്ച മോദി എന്നാൽ ഹിംസാത്മകമായ പ്രവർത്തനങ്ങളിൽ മനംമടുത്ത് നിസ്സഹകരണസമരം ഉപേക്ഷിച്ച മഹാത്മാ ഗാന്ധിയെ പ്രസംഗത്തിൽ പരാമർശിച്ചില്ല.

content highlights: agriculture sector attains growth even during covid period says modi