ന്യൂഡല്‍ഹി: കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതിയും കര്‍ഷകരുടെ വരുമാനവും കൂട്ടാന്‍ ലക്ഷ്യമിടുന്ന കാര്‍ഷിക കയറ്റുമതി നയത്തിന് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. തേയില, കാപ്പി, അരി, മറ്റു ധാന്യങ്ങള്‍, പഴം, പച്ചക്കറികള്‍ തുടങ്ങി എല്ലാ കാര്‍ഷികോത്പന്നങ്ങളുടെയും കയറ്റുമതി വര്‍ധിപ്പിക്കുകയും അതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. ഈ മേഖലയിലുള്ള നിയന്ത്രണങ്ങള്‍ മാറ്റും.

സംസ്കരിച്ച കാര്‍ഷികോത്പന്നങ്ങള്‍ക്കും ജൈവ ഉത്പന്നങ്ങള്‍ക്കും ഒരു തരത്തിലുമുള്ള കയറ്റുമതി നിയന്ത്രണവും ഉണ്ടാവില്ല. വിവിധ കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ക്ലസ്റ്ററുകള്‍ സ്ഥാപിക്കും. ഇതിന് 1400 കോടി രൂപയാണ് ചെലവ് പ്രതിക്ഷിക്കുന്നത്. നിലവിലെ വിവിധ പദ്ധതികള്‍ ലയിപ്പിച്ചുകൊണ്ടായിരിക്കുമിത്. കയറ്റുമതി കാര്യങ്ങള്‍ക്കായി എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക ഏജന്‍സികള്‍ ഉണ്ടാക്കും.

നിലവില്‍ 3000 കോടി ഡോളറിനും 3700 കോടി ഡോളറിനും ഇടയിലാണ് കാര്‍ഷിക കയറ്റുമതി. 2022 ആകുമ്പോള്‍ അത് 6000 കോടി ഡോളര്‍ ആക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി സുരേഷ് പ്രഭു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. അതിലേക്കുള്ള വലിയ ചുവടുവെപ്പാണ് കാര്‍ഷിക കയറ്റുമതി നയമെന്ന് മന്ത്രി വിശദീകരിച്ചു. ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു നയം ആവിഷ്കരിക്കുന്നത്.