ന്യൂഡൽഹി: കാർഷികമേഖലയിലെ പ്രതിസന്ധികൾ മറികടക്കാനുള്ള വിവിധപദ്ധതികൾക്ക് തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കുന്നതിനടക്കമുള്ള പദ്ധതികളാണ് പരിഗണനയിലുള്ളത്.

കാർഷികമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ഹ്രസ്വകാലത്തിലുള്ളതും ദീർഘകാലത്തിലുള്ളതുമായ പദ്ധതികൾ കൃഷിമന്ത്രാലയം മുന്നോട്ടുവെക്കും. യഥാസമയം തിരിച്ചടയ്ക്കുന്ന കാർഷികവായ്പകളുടെ പലിശ ഒഴിവാക്കുന്നതാണ് പരിഗണനയിലുള്ള ഒരു നടപടി. 15,000 കോടി രൂപയുടെ ബാധ്യത സർക്കാരിനുണ്ടാക്കുന്നതാണ് ഈ നടപടി. ഭക്ഷ്യവിളകളുടെ സൗജന്യ ഇൻഷുറൻസ്, തെലങ്കാന, ഒഡിഷ സർക്കാറുകൾ ചെയ്യുന്നതുപോലെ കർഷകർക്കായി ഒരു നിശ്ചിതതുക ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുക തുടങ്ങിയവയും പരിഗണനയിലുണ്ട്.

ബജറ്റിനുമുമ്പായി കാർഷികപാക്കേജ് അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി രാധാ മോഹൻസിങ് മുമ്പ് പറഞ്ഞിരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷമാണ് ബി.ജെ.പി.യും കേന്ദ്രസർക്കാരും കാർഷികമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ കൂടുതൽ ശ്രദ്ധനൽകിയത്.