ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച രാത്രിനടന്ന നിശ്ശബ്ദവിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ ബി.ജെ.പി.യുടെ അടുത്തലക്ഷ്യം ജാര്‍ഖണ്ഡും ഡല്‍ഹിയും. ഈമാസം 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ചുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ അധികാരം നിലനിര്‍ത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെങ്കില്‍ ഡല്‍ഹിയില്‍ 22 വര്‍ഷമായി അകന്നുപോയ അധികാരം എങ്ങനെയെങ്കിലും തിരിച്ചുപിടിക്കുകയാണ്‌ ലക്ഷ്യം.

ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിന്‌ മുമ്പുതന്നെ എന്‍.ഡി.എ. സഖ്യത്തില്‍ വിള്ളലുണ്ടായത് ബി.ജെ.പി.യെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. 2014-ലെ തിരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സഖ്യംവിട്ട് ഒറ്റയ്ക്കാണ്‌ മത്സരിക്കുന്നത്. രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പി.യും നിതീഷ് കുമാറിന്റെ ജെ.ഡി.യു.വും ഒറ്റയ്ക്കാണ്‌ മത്സരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസ്, ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി.), ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ.എം.എം.) എന്നീ കക്ഷികളുമായി സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്.

എന്നാല്‍, മഹാരാഷ്ട്രയില്‍ യാഥാര്‍ഥ്യമായതും ജാര്‍ഖണ്ഡില്‍ വിജയിക്കുമെന്നു പ്രതീക്ഷിക്കുന്നതുമായ തന്ത്രം ഡല്‍ഹിയില്‍ അത്രയെളുപ്പത്തില്‍ വിജയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 1998-ല്‍ ഷീലാ ദീക്ഷിതിനുമുമ്പില്‍ അധികാരം അടിയറവെയ്ക്കേണ്ടിവന്ന ബി.ജെ.പി. തുടര്‍ന്നുള്ള രണ്ടുതിരഞ്ഞെടുപ്പുകളിലും തോറ്റു. ആം ആദ്മി പാര്‍ട്ടിയുടെ ഉദയത്തിനുശേഷം 2013-ല്‍ ഷീലാ ദീക്ഷിതിന് അധികാരം വിട്ടൊഴിയേണ്ടിവന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലേറിയ കെജ്‌രിവാള്‍ സര്‍ക്കാരിന് അല്പായുസ്സായിരുന്നു.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ ബി.ജെ.പി.ക്ക് ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളും സ്വന്തമാക്കാന്‍ കഴിഞ്ഞു. ഈ ആത്മവിശ്വാത്തില്‍ 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പി.യെ ഞെട്ടിച്ചുകൊണ്ട് 70-ല്‍ 67 സീറ്റും നേടി എ.എ.പി. അധികാരത്തിലെത്തി. എന്നാല്‍, തുടര്‍ന്നുനടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അവരുടെ വെല്ലുവിളി അതിജീവിച്ച് മൂന്ന് കോര്‍പ്പറേഷനുകളും നിലനിര്‍ത്താന്‍ കഴിഞ്ഞതും ഈവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളിലും വിജയം ആവർത്തിക്കാൻ കഴിഞ്ഞതും ബി.ജെ.പി.യുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൊത്തമുള്ള 13,816 ബൂത്തുകളില്‍ 1808 ഇടത്ത് പാര്‍ട്ടി പിന്നാക്കംപോയത് ബി.ജെ.പി. ഗൗരവമായാണ് കാണുന്നത്. ഈ ബൂത്തുകൾ ഏറെയും മുസ്‌ലിം സ്വാധീനമുള്ള പ്രദേശങ്ങളാണ്. അതിനാല്‍ മുസ്‌ലിം വോട്ടര്‍മാരെ ആകര്‍ഷിക്കാനാവശ്യമായ പരിപാടികള്‍ ആവിഷ്കരിക്കാനാണ് നേതൃത്വം പ്രാദേശികനേതാക്കളോടും പ്രവര്‍ത്തകരോടും നിർദേശിച്ചിരിക്കുന്നത്.

നഗരത്തിലെ വോട്ടര്‍മാരില്‍ 35-40 ശതമാനം കിഴക്കന്‍ യു.പി.യും ബിഹാറിന്റെ പടഞ്ഞാറന്‍ മേഖലയും ഉള്‍പ്പെടുന്ന പ്രദേശത്തുകാരാണ്. പൂര്‍വാഞ്ചലുകാരെന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ഇക്കൂട്ടത്തിലെ ഗായകനും അഭിനേതാവുമായ മനോജ് തിവാരിയാണ് ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷന്‍. പൂര്‍വാഞ്ചലുകാരെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം.

Content Highlights: after maharashtra bjp aims operation jharkhand and delhi