മുംബൈ: കങ്കണ റണൗട്ടിനുപിന്നാലെ അർണബ് ഗോസ്വാമിയും ശിവസേനയും തമ്മിൽ പോര്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വാർത്തകളിലൂടെ അപമാനിക്കുന്ന അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക് ബഹിഷ്കരിക്കണമെന്ന് ശിവകേബിൾസേന കേബിൾ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു.

കേബിൾ ടി.വി. ഓപ്പറേറ്റർമാരുടെ ബഹിഷ്കരണനീക്കത്തിനെതിരേ റിപ്പബ്ലിക്കൻ ടി.വി. നെറ്റ് വർക്ക് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിച്ചില്ല. ഹൈക്കോടതി പരിഗണിക്കേണ്ട ഹർജിയല്ല ഇതെന്ന് ജസ്റ്റിസുമാരായ മിലിന്ദ് ജാദവ്, നിതിൻ ജാംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ടെലികോം ഡിസ്പ്യൂട്ട് അപ്പലേറ്റ് ട്രിബ്യൂണലിനെയാണ് സമീപിക്കേണ്ടതെന്ന് അറിയാമെങ്കിലും ഈ സ്ഥാപനം സെപ്റ്റംബർ 18 വരെ അവധിയായതിനാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് ചാനലിന്റെ അഭിഭാഷകൻ അറിയിച്ചു.

മുംബൈ നഗരത്തിൽ പ്രവർത്തിക്കുന്ന കേബിൾ ഓപ്പറേറ്റർമാരുടെ പ്രബലസംഘടനയാണ് ശിവകേബിൾസേന. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെത്തുടർന്ന് മുംബൈ പോലീസിനെതിരേയും ഉദ്ധവ് താക്കറെയ്ക്കെതിരേയും അർണബ് ഗോസ്വാമി രംഗത്തുവന്നിരുന്നു.

കങ്കണ-അർണബ് കൂട്ടുകെട്ടിനെ വിമർശിച്ച് ശിവസേനാനേതാക്കളും രംഗത്തുവരികയുണ്ടായി. ഇതിനിടെ ഉദ്ധവ് താക്കറെയുടെ റായ്ഗഢിലെ ഫാംഹൗസിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച റിപ്പബ്ലിക് ചാനൽ പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് അർണബ് ഗോസ്വാമി പ്രതികരിച്ചിരുന്നു.

Content Highlights:After Kangana Ranaut no the fight is between Arnab Goswami and Shiv sena