ബെംഗളൂരു: ബെംഗളൂരുവിൽ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ ആഫ്രിക്കൻ പൗരൻ പോലീസ് കസ്റ്റഡിയിൽ മരിച്ചു. കോംകോ സ്വദേശി ജോയൽ ഷിൻഡനി മല്ലു എന്ന ജോൺ(27)-ആണ് തിങ്കളാഴ്ച പുലർച്ചെ ജെ.സി. നഗർ പോലീസ് കസ്റ്റഡിയിൽ മരിച്ചത്.

ഇതിൽ പ്രതിഷേധിച്ച് ബെംഗളൂരുവിലെ ആഫ്രിക്കൻ പൗരന്മാരുടെ കൂട്ടായ്മ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ തിരിഞ്ഞതോടെ ലാത്തിച്ചാർജ് നടത്തി. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.

സമാധാനപരമായി നടന്ന പ്രതിഷേധം വൈകീട്ട് നാലരയോടെയാണ് അക്രമാസക്തമായത്. സമരക്കാരിൽ ചിലർ വനിതാപോലീസുകാരെ അപമാനിക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. തുടർന്ന് ഇവർക്കുനേരെ ലാത്തിവീശുകയായിരുന്നു. ഏഴ് ആഫ്രിക്കൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി ഡെപ്യൂട്ടി കമ്മിഷണർ(നോർത്ത്) ധർമേന്ദ്രകുമാർ മീണ അറിയിച്ചു.

ഈസ്റ്റ് ബെംഗളൂരുവിലെ ഹെന്നൂരിൽ താമസിച്ചുവന്ന ജോണിനെ പുലർച്ചെ 12.30-ഓടെയാണ് ബാബുസപാളയയിൽനിന്ന് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വിൽക്കുന്നെന്ന വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു ഇത്. അഞ്ച് ഗ്രാം എം.ഡി.എം.എ. ഗുളികകളും പിടിച്ചെടുത്തു. ഇയാളുടെ കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു.

പോലീസ് സ്റ്റേഷനിലെത്തിച്ച ജോണിന് പുലർച്ചെ 5.30-ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. വിദ്യാർഥിയായെത്തിയ ഇയാളുടെ വിസാകാലാവധി 2015 ജൂലായിലും പാസ്പോർട്ടിന്റെ കാലാവധി 2017 ഡിസംബറിലും കഴിഞ്ഞതാണ്.

ജോണിനെ പോലീസ് കൊന്നതാണെന്നാരോപിച്ച് ഒട്ടേറെ ആഫ്രിക്കൻ പൗരന്മാർ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധവുമായി ഒത്തുചേരുകയായിരുന്നു. ജോണിന്റെ വീട്ടിലെത്തി പോലീസ് പണം ആവശ്യപ്പെട്ടതായി സുഹൃത്തുക്കൾ ആരോപിച്ചു. പണം നൽകാത്തതിനെത്തുടർന്ന് കൊന്നതാണെന്നും ആരോപിച്ചു.