ന്യൂഡല്‍ഹി: വിവിധ സേവനങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 ആക്കി നീട്ടാന്‍ തയ്യാറാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, നിലവില്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ ഡിസംബര്‍ 31-നകം വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ ഇതുവരെയുള്ള തീരുമാനമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു.

കേന്ദ്രം വെള്ളിയാഴ്ച ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതവരും. മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറായി തുടരും. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ 139 സേവനങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കാനാണ് മാര്‍ച്ച് 31 വരെ സമയം നല്‍കുക. എന്നാല്‍, ഏതെല്ലാം സേവനങ്ങള്‍ക്കാണ് ഈ ആനുകൂല്യമെന്നും നിലവില്‍ ആധാര്‍ ഉള്ളവരുടെ കാര്യത്തില്‍ എത്രസമയം നല്‍കുമെന്നും വിജ്ഞാപനത്തിലേ വ്യക്തമാകൂ.

ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് ഇടക്കാല സ്റ്റേ വേണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചുണ്ടാക്കും. അടുത്ത ആഴ്ച തന്നെ ഭരണഘടനാ ബെഞ്ച് ആധാര്‍ കേസുകള്‍ പരിഗണിക്കും.

കേസില്‍ അന്തിമവാദത്തിന് തയ്യാറാണെന്നും എന്നാല്‍, ഇത്രയും സുപ്രധാനമായ വിഷയത്തില്‍ ഇടക്കാല സ്റ്റേ അനുവദിക്കരുതെന്നും കെ.കെ. വേണുഗോപാല്‍ വാദിച്ചു. ഇടക്കാല സ്റ്റേ സംബന്ധിച്ച ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറാണെന്ന് സുപ്രീംകോടതി തന്നെയാണ് നേരത്തേ നിശ്ചയിച്ചത്. അതിനാല്‍ കോടതി ഉത്തരവില്ലാതെ ഇതില്‍ മാറ്റം വരുത്താനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്ന് പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടു. തീയതി നീട്ടുന്നതിന്റെ ആനുകൂല്യം നിലവില്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്കും ലഭ്യമാക്കണമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, ആധാര്‍ കേസുകള്‍ അടുത്ത ആഴ്ചതന്നെ ഭരണഘടനാ ബെഞ്ച് കേള്‍ക്കുമെന്ന് സുപ്രീംകോടതി സൂചന നല്‍കുകയായിരുന്നു.