ചെന്നൈ: സിനിമാ സ്റ്റൈലിൽ നടൻ വിജയ്‌യുടെ പോളിങ് ബൂത്തിലേക്കുള്ള മാസ് എൻട്രി ആരാധകരെ ആവേശത്തിലാക്കി. ചൊവ്വാഴ്ച രാവിലെ വീട്ടിൽനിന്ന് സൈക്കിളിലാണ് വിജയ് പോളിങ് ബൂത്തിലേക്കു തിരിച്ചത്.

നീലാങ്കരയിലെ വേൽസ് സർവകലാശാലയിലെ ബൂത്തിലായിരുന്നു വോട്ട്. സാധാരണക്കാരനെപ്പോലെ വിജയ് സൈക്കിളോടിച്ചു വരുന്നതുകണ്ട് ആരാധകർ അന്തം വിട്ടു. താരത്തെ തൊട്ടടുത്തു കണ്ട ആരാധകർ ഒപ്പം ചേർന്നു മൊബൈൽ ഫോണിൽ ഫോട്ടോയും വീഡിയോയും പകർത്താൻ തിടുക്കം കൂട്ടി. അതോടെ ഗതാഗതക്കുരുക്കുണ്ടായി. പോളിങ് ബൂത്തിലെത്തിയപ്പോഴും ആൾക്കൂട്ടം പൊതിയുന്നുണ്ടായിരുന്നു. പോലീസ് ലാത്തി പ്രയോഗിച്ചാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്. സൈക്കിൾ യാത്രാ ദൃശ്യങ്ങൾ വേഗത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർധനയിൽ പ്രതിഷേധിക്കാനാണ് വിജയ്‌യുടെ സൈക്കിൾ യാത്രയെന്നു അഭ്യൂഹങ്ങൾ പരന്നു. വിജയ് പ്രതികരിക്കാൻ തയ്യാറായില്ല. പോളിങ് ബൂത്ത് വീട്ടിനടുത്തായതും വീതികുറഞ്ഞ റോഡിലൂടെ കാർ കൊണ്ടുവരാനുള്ള പ്രയാസവും കണക്കിലെടുത്താണ് വിജയ് സൈക്കിളിലെത്തിയതെന്ന് അദ്ദേഹത്തിന്റെ പി.ആർ.ഒ. റിയാസ് കെ. അഹമ്മദ് ട്വിറ്ററിൽ കുറിച്ചു. വോട്ടു രേഖപ്പെടുത്തി വിജയ് തിരിച്ചുപോയത് ജീവനക്കാരിൽ ഒരാളുടെ ബൈക്കിലാണ്.

സൈക്കിൾയാത്ര ഇന്ധന വിലവർധനയ്ക്കെതിരെയുള്ള സന്ദേശമാണെന്നുള്ള പരാമർശത്തെ ബി.ജെ.പി. നേതാവ് ഖുശ്ബു പരിഹസിച്ചു. വിജയ് തിരിച്ചുപോയത് ഡി.എം.കെ. പ്രവർത്തകന്റെ ബൈക്കിലാണെന്നായിരുന്നു ഖുശ്ബു പറഞ്ഞത്‌.

വിജയ്‌യിന്റെ സമീപകാല സിനിമകളിലെല്ലാം പരോക്ഷമായ രാഷ്ട്രീയ വിമർശനങ്ങളുണ്ടായിരുന്നു. ‘മെർസൽ’ പുറത്തിറങ്ങിയ ശേഷം ബി.ജെ.പിയുടെ കടുത്ത വിമർശനത്തിനിരയായി. മാസ്റ്റർ സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌യുടെ വീട്ടിൽ ആദായനികുതി റെയ്ഡും നടന്നിരുന്നു.