ചെന്നൈ: ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽക്കഴിയുകയായിരുന്ന സൂപ്പർസ്റ്റാർ രജനീകാന്ത് ചികിത്സ പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങി. ഞായറാഴ്ച രാത്രി 9.30-ഒാടെയാണ് അദ്ദേഹം ആൽവാർപ്പേട്ടിലെ കാവേരി ആശുപത്രിയിൽ നിന്നു മടങ്ങിയത്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഞായറാഴ്ച രാവിലെ ആൽവാർപ്പേട്ടിലെ കാവേരി ആശുപത്രിയിലെത്തി രജനിയെക്കണ്ട സ്റ്റാലിൻ, അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു. രജനിക്ക് നൽകുന്ന ചികിത്സയെക്കുറിച്ച് അദ്ദേഹം ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു. വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്നാശംസിച്ചാണ് സ്റ്റാലിൻ മടങ്ങിയത്.

സ്റ്റാലിന്റെ കാർ കാവേരി ആശുപത്രിയിൽനിന്ന്‌ പുറത്തേക്കുവരുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമായി. ‘എന്റെ പ്രിയസുഹൃത്ത് രജനീകാന്ത് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ്’ -സ്റ്റാലിൻ പിന്നീട് തന്റെ ട്വിറ്ററിൽ കുറിച്ചു. ഭാര്യ ലതയും മറ്റ് കുടുംബാംഗങ്ങളും രജനീകാന്തിന് പരിചരണവുമായി കൂടെയുണ്ട്. തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെത്തുടർന്ന് ഒക്ടോബർ 28-നാണ് രജനീകാന്തിനെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. രജനീകാന്തിന്റെ പുതിയ ചിത്രമായ ‘അണ്ണാത്തെ’ ദീപാവലി ദിവസമായ നവംബർ നാലിനാണ് പ്രദർശനത്തിനെത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം ഡൽഹിയിൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ചത്.