ബെംഗളൂരു: മോദി സർക്കാരിന്റെയും ബി.ജെ.പി.യുടെയും കടുത്തവിമർശകനായ നടൻ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുതുവർഷരാവിൽ ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. എതു മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്ന കാര്യം ഉടൻ അറിയിക്കുമെന്നും വ്യക്തമാക്കി. അതിനിടെ, പ്രകാശ് രാജ് കർണാടകത്തിൽതന്നെ മത്സരിക്കുമെന്നുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്.

’അബ് കി ബാർ ജനതാ കി സർക്കാർ’ എന്ന മുദ്രാവാക്യവും അദ്ദേഹം ട്വീറ്റ് ചെയ്തു. ’അബ് കി ബാർ മോദി സർക്കാർ’ എന്നതായിരുന്നു 2014-ൽ ബി.ജെ.പി.യുടെ മുദ്രാവാക്യം.

ബി.ജെ.പി.വിരുദ്ധ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന പ്രകാശ് രാജ് സംഘപരിവാർ സംഘടനകളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിച്ചുവരികയാണ്. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധിക്കപ്പെട്ട സംഭവത്തിൽ മോദി മൗനംപാലിക്കുന്നെന്ന് ആരോപിച്ചതിന് പ്രകാശ് രാജിന്റെ പേരിൽ കേസെടുത്തിരുന്നു. ഗൗരി ലങ്കേഷിനെ വധിച്ചവർ പ്രകാശ് രാജിനെയും വധിക്കാൻ ലക്ഷ്യമിടുന്നതായി പ്രത്യേകാന്വേഷണസംഘം കണ്ടെത്തിയിരുന്നു.

തെന്നിന്ത്യയിൽ കമൽഹാസനും രജനീകാന്തിനും പിന്നാലെയാണ് പ്രകാശ് രാജ് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത്. നിലപടുകളിൽ ഇടതുചായ്‌വുള്ള ഇദ്ദേഹത്തെ കോൺഗ്രസ്, ജെ.ഡി.എസ്. പാർട്ടികൾ പിന്തുണയ്ക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Content Highlights: actor prakash raj will contest in loksabha election 2019