ചെന്നൈ: നടൻ കരുണാസിന്റെ നേതൃത്വത്തിലുള്ള മുക്കുളത്തൂർ പുലിപ്പടൈ, എ.ഐ.എ.ഡി.എം.കെ. സഖ്യം വിട്ടു. മുക്കുളത്തൂർ സമുദായത്തിനുവേണ്ടി എടപ്പാടി പളനിസ്വാമി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് കരുണാസ് ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. സഖ്യത്തിൽ ഒരു സീറ്റിൽ മത്സരിച്ച മുക്കുളത്തൂർ പുലിപ്പടൈ അതിൽ വിജയിച്ചിരുന്നു. എ.ഐ.എ.ഡി.എം.കെ. ചിഹ്നത്തിൽ കരുണാസായിരുന്നു ജനവിധി തേടിയത്.

ഇത്തവണ ആദ്യം രണ്ട് സീറ്റ് ആവശ്യപ്പെട്ട ഇവർ പിന്നീട് നിലപാട് മാറ്റുകയും സഖ്യം ഉപേക്ഷിക്കുകയുമായിരുന്നു. ഡി.എം.കെ.യുമായി ചർച്ചനടത്തുന്നതായാണ് വിവരം. ഒരു സീറ്റ് ലഭിച്ചാൽപ്പോലും ഡി.എം.കെ.യുമായി സഖ്യത്തിന് തയ്യാറാണെന്നാണ് കരുണാസുമായി അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. ശശികലയുമായി അടുപ്പംപുലർത്തുന്ന കരുണാസ്, ദിനകരന്റെ പാർട്ടിയായ എ.എം.എം.കെ.യുമായി കൈകോർക്കാനും കമൽഹാസന്റെ മക്കൾ നീതി മയ്യവുമായി ചേരാനും സാധ്യതയുണ്ട്. കഴിഞ്ഞിടയ്ക്ക് എ.ഐ.എ.ഡി.എം.കെ. സഖ്യം വിട്ട നടൻ ശരത്കുമാറിന്റെ പാർട്ടിയായ സമത്വ മക്കൾ കക്ഷി പിന്നീട് മക്കൾ നീതി മയ്യവുമായി സഖ്യമുണ്ടാക്കുകയായിരുന്നു.

content highloghts: Actor karunas leaves aiadmk alliance