ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ മലയാളിയുവാവിനെ തട്ടിക്കൊണ്ടുപോയിരിക്കാനുള്ള സാധ്യത തേടി പോലീസ്.
കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ടുനിന്ന് ബൈക്കിൽ പുറപ്പെട്ട മൊകേരി സ്വദേശി എസ്. സന്ദീപിനെ ചിക്കമഗളൂരു ഹരിഹരപുരയ്ക്ക് സമീപത്തുവെച്ചാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് കൊപ്പ ജയാപുര ഭാഗത്തെ മൊബൈൽ ടവറിന്റെ പരിധിയിലാണ് സന്ദീപ് അവസാനമായി മൊബൈൽഫോൺ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
സന്ദീപിനെ കാണാതായതിനെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ചിലരെ സംശയമുള്ളതായും ചിക്കമഗളൂരു എസ്.പി. ഹരീഷ് പാണ്ഡെ പറഞ്ഞു. ദുംഗാ നദിക്കരയിൽ സന്ദീപിന്റെ ബൈക്ക് കണ്ടെത്തിയ സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. സന്ദീപിന്റെ വീട്ടിലേക്ക് ദിവസങ്ങൾക്കുമുമ്പ് ബല്ലാരിയിൽ നിന്നുവന്ന ഫോൺവിളിയെ അടിസ്ഥാനമാക്കിയും ഹൈവേ കൊള്ളസംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. യുവാവിന്റെ ബൈക്ക്, ഹെൽമെറ്റ്, ബാഗ്, വാച്ച് തുടങ്ങിയവ ദുംഗാ നദിക്കരയിൽനിന്ന് കണ്ടെത്തിയിരുന്നു.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ഐബേഡ് മീഡിയ കമ്പനിയിലെ മാർക്കറ്റിങ് മാനേജരാണ് സന്ദീപ്. ഞായറാഴ്ച വൈകീട്ട് തിരിച്ചുവരുമെന്നുപറഞ്ഞായിരുന്നു വീട്ടിൽനിന്നിറങ്ങിയത്. ഭാര്യ ഷിജി കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിൽ പരാതിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
content highlights: Absconding Kerala youth,karnataka