മുംബൈ: ഇരുട്ടിന്റെ തുരങ്കത്തിൽ വെളിച്ചം കാണാൻ തുടങ്ങിയതായി ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ. കോവിഡ് ബാധിച്ച് നാനാവതി ആശുപത്രിയിൽ ചികിത്സയിലുള്ള അഭിഷേക് ബച്ചൻ ഇൻസ്റ്റഗ്രാമിൽചെയ്ത പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കോവിഡിനെതിരേ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചും അഭിഷേക് നേരത്തേ എഴുതിയിരുന്നു. അച്ഛൻ അമിതാഭ് ബച്ചനൊപ്പം ജൂലായ് 11-നാണ് അഭിഷേക് ബച്ചനെയും കോവിഡ് സ്ഥിരീകരിച്ച് നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനുശേഷം ഐശ്വര്യാ റായിയെയും മകൾ ആരാധ്യയെയും കോവിഡ് രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവർ രോഗം ഭേദമായി ആശുപത്രിവിട്ടു.

‘അച്ഛൻ ആശുപത്രിയിൽ ആയില്ലേ, ഇപ്പോൾ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്’ എന്ന പറുൾ കൗഷിക് എന്ന യുവതിയുടെ ട്വിറ്ററിലെ പരിഹാസത്തിനും അഭിഷേക് മറുപടിയുമായെത്തി. ‘ഇപ്പോൾ ആശുപത്രിയിൽ കിടന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുകയാണ്’ എന്നാണ് അഭിഷേക് മറുപടി നൽകിയത്. ‘പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, എല്ലാവർക്കും ഇങ്ങനെ കിടന്നു കഴിക്കാനുള്ള ഭാഗ്യമുണ്ടാകില്ല’ എന്നായിരുന്നു യുവതിയുടെ കമന്റ്. ‘ഞങ്ങളുടേത് പോലൊരു സാഹചര്യം നിങ്ങൾക്ക് വരരുതെന്ന് പ്രാർഥിക്കാം. സുരക്ഷിതരായിരിക്കൂ. നിങ്ങളുടെ ആശംസകൾക്ക് നന്ദിയുണ്ട് മാഡം’ എന്നാണ് അഭിഷേക് ഇതിന് മറുപടിനൽകിയത്. ട്രോളിനോടുള്ള അഭിഷേകിന്റെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പരിഹാസവുമായെത്തിയ യുവതിക്കെതിരേ വിമർശനവും ട്വിറ്ററിൽ ശക്തമാണ്.