ന്യൂഡൽഹി: നിയന്ത്രണരേഖ കടന്ന് പാക് എഫ്-16 വിമാനം വെടിവെച്ചിട്ട ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമന് വീരചക്ര പുരസ്കാരത്തിന് വ്യോമസേന ശുപാർശ ചെയ്തതായി റിപ്പോർട്ട്. സൈനികർക്കു നൽകുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീരചക്ര. അഭിനന്ദൻ അടുത്തയാഴ്ചയോടെ യുദ്ധവിമാനം പറത്താൻ എത്തിയേക്കുമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്പേസ് മെഡിസിനിൽ (ഐ.എ.എം.) പരിശോധനകൾ നടത്തി 35-കാരനായ അഭിനന്ദൻ ആരോഗ്യവാനാണെന്ന് സാക്ഷ്യപ്പെടുത്തിയശേഷമായിരിക്കും തിരിച്ചുവരവെന്ന് രണ്ട് നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, അഭിനന്ദനെ ജമ്മുകശ്മീരിൽനിന്ന് പടിഞ്ഞാറൻ മേഖലയിലെ വ്യോമസേനാ ആസ്ഥാനത്തേക്കു മാറ്റിനിയമിച്ചതായി വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. എവിടേക്കാണ് മാറ്റിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 27-നാണ് പാകിസ്താനുമായുള്ള ഏറ്റുമുട്ടലിനിടെ മിഗ്-21 ബൈസൺ വിമാനം പറത്തിയ അഭിനന്ദൻ പാക് വിമാനം വെടിവെച്ചിട്ടത്. പിന്നാലെ വ്യോമാതിർത്തി കടന്ന അഭിനന്ദന്റെ വിമാനം പാകിസ്താൻ വെടിവെച്ചിടുകയും അദ്ദേഹത്തെ പിടിക്കുകയും ചെയ്തു. 60 മണിക്കൂറുകളോളം കസ്റ്റഡിയിൽ വെച്ചശേഷം അഭിനന്ദനെ പാകിസ്താൻ ഇന്ത്യയ്ക്കു കൈമാറി.

content highlights: abhinandan varthaman veer chakra