ചെന്നൈ: പാകിസ്താന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കുന്നുവെന്ന വാർത്ത കുടുംബത്തിൽ ആശ്വാസത്തിന്റെ കാറ്റായി.

ഈ വീരപുത്രന്റെ സുരക്ഷിതമായ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് രാജ്യത്തിനൊപ്പം കുടുംബവും. “ധീരനാണ് അവൻ. പാക്‌സൈന്യത്തിനു മുന്നിലും ധീരതയോടെ സംസാരിച്ചു. സുരക്ഷിതമായി തിരിച്ചുവരണമേ എന്നാണ് പ്രാർഥന” - അഭിനന്ദന്റെ അച്ഛൻ റിട്ട. എയർമാർഷൽ സിംഹക്കുട്ടി വർത്തമൻ പറഞ്ഞു. കിഴക്കൻ വ്യോമസേന കമാൻഡ് മുൻ മേധാവിയാണദ്ദേഹം. പരമവിശിഷ്ട സേവാമെഡൽ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

ചെന്നൈ താംബരത്തിനടുത്ത സേലയൂരിലെ അഭിനന്ദന്റെ വീട്ടിലേക്ക് മന്ത്രിമാരുടെയും നേതാക്കളുടെയും പ്രവാഹമായിരുന്നു വ്യാഴാഴ്ച. മാധ്യമപ്രവർത്തകർ മുന്നിൽ തമ്പടിച്ചിട്ടും പ്രതികരിക്കാൻ സിംഹക്കുട്ടി തയ്യാറായില്ല; പകരം സന്ദേശം പുറത്തുവിട്ടു. ‘‘പ്രിയപ്പെട്ടവരേ, നിങ്ങളുടെയെല്ലാം കരുതലിനും സമാധാനവാക്കുകൾക്കും നന്ദി. മകന് അപകടമൊന്നുമുണ്ടാക്കാതെ അനുഗ്രഹിച്ചതിന് ദൈവത്തിനും നന്ദി. മകനെയോർത്ത് അഭിമാനിക്കുന്നു. അവൻ സുരക്ഷിതനായി തിരിച്ചെത്താൻ നിങ്ങളെല്ലാവരും മനമുരുകി പ്രാർഥിച്ചിട്ടുണ്ടാകും. അതിന്റെ ഫലമായിരിക്കും മോചനം ഉറപ്പായത്. വിഷമഘട്ടത്തിൽ ഞങ്ങൾക്കൊപ്പംനിന്ന എല്ലാവർക്കും നന്ദി’’ - സിംഹക്കുട്ടി വർത്തമൻ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.

അഭിനന്ദന്റെ ജീവിതസഖി തൻവി മർവയും റിട്ട. എയർഫോഴ്‌സ് ഓഫീസറാണ്. ശത്രുക്കളെ തുരത്താനുള്ള ഒട്ടേറെ ദൗത്യങ്ങൾക്കും അവർ നേതൃത്വം നൽകി; ഒട്ടേറെ ബഹുമതികൾക്കും അർഹയായി. രണ്ടുമക്കളാണ് ഇവർക്ക്.

തമിഴ്‌നാട്ടിലെ അമരാവതി സൈനിക് സ്കൂളിൽ പഠിച്ച അഭിനന്ദൻ 2004-ലാണ് വ്യോമസേനയിൽ പ്രവേശിക്കുന്നത്. താംബരം വ്യോമസേനാതാവളത്തിൽ പരിശീലനം. സുഖോയ് എം.കെ.ഐ. വിമാനത്തിന്റെ പൈലറ്റായി തുടക്കം; പിന്നീടാണ് മിഗ്-21 ബൈസൺ സ്ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗർ വ്യോമതാവളത്തിലായിരുന്നു നിയമനം.

2017-ൽ മണിരത്നം സംവിധാനം ചെയ്ത ’കാറ്റ്‌റു വെളിയിടൈ’ എന്ന ചിത്രത്തിന്റെ ഉപദേഷ്ടാവായി പ്രവർത്തിച്ചത് അഭിനന്ദന്റെ അച്ഛൻ സിംഹക്കുട്ടിയാണ്. കാർഗിൽ യുദ്ധത്തിനിടെ പാക് സൈന്യത്തിന്റെ പിടിയിലാകുന്ന വ്യോമസേനാ പൈലറ്റിന്റെ ജീവിതം പറയുന്നതായിരുന്നു ഈ ചിത്രം. നടൻ കാർത്തിയാണ് ഇതിൽ സൈനികന്റെ വേഷത്തിൽ അഭിനയിച്ചത്. സിനിമയുടെ പ്രമേയം സ്വന്തം ജീവിതത്തിൽ ആവർത്തിക്കുമെന്ന് സിംഹക്കുട്ടി കരുതിക്കാണില്ല. നടൻ കാർത്തിയും ഇതു പോലൊരു തനിയാവർത്തനം പ്രതീക്ഷിച്ചിരിക്കില്ല. കാർത്തിയും കാത്തിരിക്കുകയാണ് അഭിനന്ദന്റെ തിരിച്ചുവരവിനായി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രാർഥന അറിയിച്ചിരിക്കുന്നത്.

Content Highlights; Abhinandan Varthaman, IAF