ന്യൂഡൽഹി: പാകിസ്താന്റെ എഫ്. 16 യുദ്ധവിമാനം വെടിവെച്ചിട്ട വ്യോമസേനയിലെ വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്‌ വീരചക്രം. ഇതടക്കം 132 സൈനിക ബഹുമതികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും.

ബാലാകോട്ടെ ഭീകരക്യാമ്പിനുനേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നൽകാനെത്തിയ പാക് യുദ്ധവിമാനങ്ങൾ പിന്തുടർന്നു വെടിവെച്ചിട്ടതിനാണ് അഭിനന്ദനു വീരചക്ര നൽകുന്നത്. യുദ്ധകാലത്തു സൈനികർക്കു നൽകുന്ന മൂന്നാമത്തെ പരമോന്നത ബഹുമതിയാണിത്.

ഫെബ്രുവരി 27-ന് അതിർത്തി ലംഘിച്ചെത്തിയ പാക് യുദ്ധവിമാനം തുരത്തുന്നതിനിടയിൽ വിങ് കമാൻഡർ അഭിനന്ദൻ അവരുടെ പിടിയിലായി. ഇന്ത്യ ശക്തമായ നിലപാടെടുത്തതോടെ മാർച്ച് ഒന്നിന് അദ്ദേഹത്തെ മോചിപ്പിച്ചു.

Content Highlights: Abhinandan Varthaman awarded vir chakra