ഇസ്‌ലാമാബാദ്: പാകിസ്താന്‍ തടവുകാരനാക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടും അക്ഷോഭ്യനായി നേരിട്ട വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ത്തമന്‍ വെള്ളിയാഴ്ച തിരിച്ചെത്തും. അന്താരാഷ്ട്രസമ്മര്‍ദം മുറുകുകയും ഇന്ത്യ കര്‍ക്കശനിലപാട്‌ സ്വീകരിക്കുകയും ചെയ്തതിനുപിന്നാലെ, അഭിനന്ദനെ വിട്ടയക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു. ‘സമാധാനത്തിന്റെ സന്ദേശ’മെന്ന നിലയില്‍ വര്‍ത്തമനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് വ്യാഴാഴ്ച വൈകീട്ട് പാക് പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈകാതെ ഫോണില്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇമ്രാന്റെ പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതംചെയ്തു. എന്നാല്‍, ‘സമാധാന സന്ദേശ’മാണ് നടപടിയെന്ന അദ്ദേഹത്തിന്റെ നിലപാട് ഇന്ത്യ തള്ളി. അഭിനന്ദനെവെച്ച് വിലപേശലിന്‌ തയ്യാറല്ലെന്നും അദ്ദേഹത്തെ സുരക്ഷിതനായി നിരുപാധികം തിരിച്ചുതരണമെന്നും വെള്ളിയാഴ്ച രാവിലെ ഇന്ത്യ പാകിസ്താനോട് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു.

ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താന്‍ പിടികൂടിയത്. നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക് വ്യോമസേനാവിമാനം വെടിവെച്ചുവീഴ്ത്തിയതിനു പിന്നാലെയാണ് അദ്ദേഹം പിടിയിലായത്. അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം പാക് അധീനകശ്മീരില്‍ തകര്‍ന്നുവീണതിനെത്തുടര്‍ന്നായിരുന്നു ഇത്.

‘പാകിസ്താന്‍ സമാധാനവും വികസനവും ആഗ്രഹിക്കുന്നു. യുദ്ധം രണ്ടുരാജ്യങ്ങളെയും തകര്‍ക്കും. യുദ്ധം ഒരു പരിഹാരമല്ല. എന്നുവെച്ച്, സംഘര്‍ഷത്തിന് അയവുവരുത്താനുള്ള പാകിസ്താന്റെ ആഗ്രഹത്തെ ദൗര്‍ബല്യമായി കാണരുത്’ -അഭിനന്ദനെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇമ്രാൻ ഖാൻ പറഞ്ഞു.

ബുധനാഴ്ച നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയത് പാകിസ്താന് അതിനുകഴിയുമെന്ന് തെളിയിക്കാന്‍വേണ്ടി മാത്രമായിരുന്നു എന്ന അവകാശവാദം അദ്ദേഹം ആവര്‍ത്തിച്ചു. ‘ഇന്ത്യയില്‍ ആള്‍നാശമുണ്ടാക്കാന്‍ ആഗ്രഹിക്കാഞ്ഞതിനാലാണ് ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചതെ’ന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തിന് അയവുവരുത്താന്‍ സഹായിക്കാന്‍ അന്താരാഷ്ട്രസമൂഹത്തോട് ഇമ്രാന്‍ അഭ്യര്‍ഥിച്ചു.

ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന് അയവുവരുത്താനായി അഭിനന്ദനെ വിട്ടയക്കുന്നകാര്യം പരിഗണിക്കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷി പറഞ്ഞ് അധികം വൈകാതെയാണ് ഇമ്രാന്റെ പ്രഖ്യാപനമെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിക്കാന്‍ ബുധനാഴ്ച രാത്രി പലതവണ ഇമ്രാന്‍ ശ്രമിച്ചെന്നും സാധിച്ചില്ലെന്നും ഖുറേഷി അവകാശപ്പെട്ടു.

പുൽവാമ ഭീകരാക്രമണത്തിന്‌ തിരിച്ചടിയായി പാകിസ്താനിലെ ബാലാകോട്ടിലും പാക് അധീന കശ്മീരിലെ ചകോഠിയിലും മുസാഫറാബാദിലും ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനുപിന്നാലെയാണ് പാക് വ്യോമസേന നിയന്ത്രണരേഖകടന്ന് ആക്രമണത്തിന്‌ മുതിർന്നത്.

തിരിച്ചുവരവിനായി കാത്തിരിക്കുന്നു

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘സമാധാന സന്ദേശ’മായാണ് അദ്ദേഹത്തെ വിട്ടയക്കുന്നത് എന്ന പാകിസ്താന്റെ നിലപാട് അദ്ദേഹം തള്ളി. യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന്‌ വ്യക്തമാക്കുന്ന ജനീവ കരാര്‍ പ്രകാരമാണ് അഭിനന്ദനെ പാകിസ്താന്‍ മോചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Abhinanadan Varthaman  released today