ന്യൂഡല്‍ഹി: മാതാപിതാക്കള്‍ ഉപേക്ഷിച്ച രണ്ടുപെണ്‍കുട്ടികള്‍ പട്ടിണികിടന്ന് പുഴുവരിച്ച വ്രണവുമായി നരകയാതനയില്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം. നേപ്പാളി കോളനിക്കു സമീപം സമയ്പുര്‍ ബാദ്‌ലിയില്‍ എട്ടുവയസ്സുകാരി അല്‍കയും മൂന്നു വയസ്സുകാരി ജ്യോതിയുമാണ് മരണാസന്നരായി ചികിത്സയില്‍ കഴിയുന്നത്. ആഗസ്ത് 19-നാണ് ഇവരെ പോലീസ് രക്ഷപ്പെടുത്തിയത്.

ഇവരുടെ വീട്ടില്‍നിന്ന് കടുത്ത ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഇവരെ തേടിയെത്തുമ്പോള്‍ ഇടുങ്ങിയ ഇരുണ്ടമുറിയില്‍ പൊളിഞ്ഞുവീഴാറായ കട്ടിലില്‍ ഇവര്‍ തളര്‍ന്നു കിടക്കുകയായിരുന്നു. ദുര്‍ഗന്ധംകാരണം അകത്തേക്ക് പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല. തലയില്‍ അഴുകിത്തുടങ്ങിയ മുറിവില്‍ പുഴുവരിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ ഭക്ഷണമില്ലായിരുന്നു. ജനലുകളില്ലാത്ത ചൂടുനിറഞ്ഞ മുറിനിറയെ ഈച്ചയും കൊതുകുമായിരുന്നു.

പോലീസ് ഇവരെ ബാബ സാഹിബ് അംബേദ്കര്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തലയിലെ മുറിവില്‍നിന്നുള്ള അണുബാധ തലച്ചോറിലേക്ക് ബാധിച്ചുതുടങ്ങിയിരുന്നതായി പോലീസ് പറഞ്ഞു.

ഒരു മാസംമുമ്പാണ് അമ്മ റോസി അഞ്ചുവയസ്സുള്ള ഇവരുടെ സഹോദരനുമായി വീടുവിട്ടത്. മദ്യപാനിയായ അച്ഛന്‍ ബബ്ലു ആഗസ്ത് 15-നു പോയി. ഇയാള്‍ക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. പട്ടിണികാരണമാണ് മാതാപിതാക്കള്‍ വീടുവിട്ടതെന്നാണ് കരുതുന്നത്. രണ്ടു വര്‍ഷമായി ഈ കുടുംബം ഇവിടെ വാടകയ്ക്കാണ് താമസിച്ചിരുന്നത്.

15-നുശേഷം കുട്ടികള്‍ ആഹാരമോ വെള്ളമോ കഴിച്ചിട്ടില്ല. കുട്ടികളുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ആസ്​പത്രിവൃത്തങ്ങള്‍ പറഞ്ഞു.