: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദേശീയതലത്തിൽ ശക്തമായ സാന്നിധ്യമാകാൻ ആം ആദ്മി പാർട്ടി (എ.എ.പി.) ഒരുങ്ങുന്നു. രാജ്യവ്യാപകമായി എ.എ.പി.യെ വിപുലീകരിക്കുന്നതിന് മൂന്നിന കർമപദ്ധതിക്കു നേതൃത്വം രൂപംകൊടുത്തു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വൻവിജയത്തിന്റെ ആത്മവിശ്വാസത്തിലാണു നീക്കം.

മൂന്നാം കെജ്‌രിവാൾ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുശേഷം ശനിയാഴ്ച വൈകുന്നേരം മുതിർന്നനേതാവ് ഗോപാൽ റായിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മൂന്നിന കർമപദ്ധതിക്കു രൂപംകൊടുത്തത്. മിസ്ഡ്കോൾ വഴി പാർട്ടിയിൽ അംഗത്വം വിപുലീകരിക്കുന്നതിനുള്ള പ്രചാരണപരിപാടിക്ക് സംസ്ഥാന യൂണിറ്റുകൾ ഉണ്ടാക്കുക, സംസ്ഥാനങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ സജീവമായി പങ്കെടുക്കുക, എ.എ.പി.യുടെ വികസനസന്ദേശങ്ങൾ താഴെത്തട്ടിൽ എത്തിക്കുക എന്നിവയാണു പരിപാടി.

ഡൽഹിയിലെ വിജയം ദേശീയതലത്തിൽ പാർട്ടിയുടെ വ്യാപനത്തിന് എങ്ങനെ ഉപയോഗിക്കാമെന്നു പരിശോധിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സംസ്ഥാന ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ പറഞ്ഞു. സംസ്ഥാനാടിസ്ഥാനത്തിൽ നേതാക്കളുടെയും സജീവപ്രവർത്തകരുടെയും യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്നും രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അംഗത്വ പ്രചാരണത്തിന് പോസ്റ്ററുകൾ പതിക്കണമെന്നും ഗോപാൽ റായി നിർദേശിച്ചു. നയങ്ങൾ വിശദീകരിക്കാൻ സംസ്ഥാന നേതൃത്വങ്ങൾ തലസ്ഥാനങ്ങളിൽ പത്രസമ്മേളനങ്ങൾ വിളിക്കാനും തീരുമാനമുണ്ട്.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷനിരയിൽ നിർണായകസ്വാധീനം നേടുകയെന്ന ലക്ഷ്യത്തിലാണു നീക്കം. ‘മോദിയെ നേരിടാൻ കെജ്‌രിവാൾ’ എന്ന മുദ്രാവാക്യമുയർത്തിയായിരിക്കും എ.എ.പി. മത്സരരംഗത്തിറങ്ങുക.

Content Highlights: AAP trying to grow as nation wide party