ന്യൂഡല്‍ഹി: ഡൽഹിയിൽ മൂന്നാംവട്ടവും അധികാരത്തിലെത്തിയതോടെ അരവിന്ദ് കെജ്‌രിവാളും എ.എ.പി.യും ദേശീയരാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുമോ എന്ന ചോദ്യം ശക്തമാകുകയാണ്. 2015-ലെ നിയമസഭാതിരഞ്ഞെടുപ്പിനുശേഷം ഡൽഹിയിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ച എ.എ.പി.ക്ക് ദേശീയതലത്തിൽ പ്രതിപക്ഷനിരയിൽ നിർണായകസ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ കണക്കുകൂട്ടൽ.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിയെയും ബി.ജെ.പി.യെയും നേരിടാൻ കെജ്‌രിവാളും എ.എ.പി.യും എന്ന മുദ്രാവാക്യം ദേശീയരാഷ്ട്രീയത്തിൽ ഉയർന്നിരുന്നു. ഡൽഹിക്കുപുറമേ വിവിധ സംസ്ഥാനങ്ങളിൽ വേരോട്ടമുണ്ടാക്കാനുള്ള ശ്രമവും എ.എ.പി. ഇക്കാലത്തു നടത്തി. ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ മോദിയെ നേരിടാൻ കെജ്‌രിവാൾ എത്തുന്നിടത്തോളം അതു വളർന്നു. പക്ഷേ, ലോക്‌സഭാതിരഞ്ഞെടുപ്പിൽ വാരാണസിയിൽ മാത്രമല്ല, ഡൽഹിയിലും എ.എ.പി. തോറ്റു. പഞ്ചാബിൽ നാലുസീറ്റിൽ ജയിച്ച് മുഖംരക്ഷിച്ചു.

2015-നുശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റുന്ന എ.എ.പി.യെയാണു കണ്ടത്. ഡൽഹി സംസ്ഥാനവും ഡൽഹി സർക്കാരും എന്ന സമവാക്യത്തിലേക്ക് പാർട്ടി ചുരുങ്ങി. 2015-ലെ തിരഞ്ഞെടുപ്പിൽ 70-ൽ 67 സീറ്റുകൾ സ്വന്തമാക്കി. മനീഷ് സിസോദിയയെ സംസ്ഥാനഭരണമേൽപ്പിച്ചശേഷം കെജ്‌രിവാൾ രാജ്യവ്യാപകമായി പാർട്ടി കെട്ടിപ്പടുക്കാനിറങ്ങുമെന്ന് ഇടക്കാലത്ത് പ്രചാരണമുണ്ടായിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.

2017-ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയതൊഴിച്ചാൽ ഡൽഹിക്ക് പുറത്തേക്കുള്ള വ്യാപനം നടന്നില്ല. പാർട്ടിയിൽ പടലപ്പിണക്കവും കൊഴിഞ്ഞുപോക്കുമുണ്ടായി. പല സംസ്ഥാനങ്ങളിലും പാർട്ടിഘടകങ്ങൾ നിർജീവമായി. അപ്പോഴും ഡൽഹിയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സർക്കാരിനും പാർട്ടിക്കും കഴിഞ്ഞു. എന്നിട്ടും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ.എ.പി. മൂന്നാംസ്ഥാനത്തായി.

എ.എ.പി.യുടെ രാഷ്ട്രീയചരിത്രത്തിലെ ആദ്യ രണ്ടു ഘട്ടങ്ങളിലും ദേശീയതലത്തിൽ വളരാനുള്ള നീക്കങ്ങളിൽ പാർട്ടി വിജയിച്ചില്ല. ബി.ജെ.പി.യുടെ വളർച്ചയും മോദിയുടെ പ്രഭാവവും പ്രതിപക്ഷപാർട്ടികളുടെ ക്ഷീണവും പ്രധാന തടസ്സങ്ങളായി. ഇതിനൊപ്പം കെജ്‌രിവാളിനും പാർട്ടിക്കും പറ്റിയ ചില പാളിച്ചകളും ഈ നീക്കത്തെ പിന്നോട്ടടിച്ചു. ബുദ്ധികേന്ദ്രങ്ങളായിരുന്ന യോഗേന്ദ്രയാദവ്, പ്രശാന്ത് ഭൂഷൺ എന്നിവരെ പുറത്താക്കിയത് കടുത്ത ക്ഷീണമുണ്ടാക്കി. കേന്ദ്രസർക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടൽ, പാർട്ടിയിലെ തർക്കങ്ങൾ എന്നിവയുടെ ആക്കംകൂടി. കെജ്‌രിവാളിന്റെ ഏകാധിപത്യസ്വഭാവമാണ് തടസ്സമെന്ന പ്രചാരണവും ശക്തമായി. ഇതോടെ മോദിയെ നേരിടാൻ കെജ്‌രിവാളെന്ന മുദ്രാവാക്യം എ.എ.പി. തത്കാലം മരവിപ്പിച്ചു. സഹകരണ ഫെഡറലിസം എന്ന മുദ്രാവാക്യം പുറത്തെടുത്തു.

ഈ പിഴവുകൾ തിരുത്തി ദേശീയരാഷ്ട്രീയത്തിലേക്കു വളരാനുള്ള അവസരമാണ് 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എ.എ.പി.ക്കും കെജ്‌രിവാളിനും നൽകിയിരിക്കുന്നത്. പൗരത്വനിയമഭേദഗതി ഉൾപ്പടെയുള്ള വിഷയങ്ങളിൽ എ.എ.പി.യുടെ നിലപാടുകൾ പ്രതിപക്ഷക്കൂട്ടായ്മയ്ക്ക് അനിവാര്യമാണ്. ബി.ജെ.പി.ക്കെതിരേ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി അണിനിരത്താൻ കെജ്‌രിവാൾ മുന്നിട്ടിറങ്ങുമോയെന്നതാണ് ചോദ്യം.