: ഡൽഹിയിൽ ബി.ജെ.പി.ക്കെതിരേ ആം ആദ്മി പാർട്ടി നേടിയ ഉജ്ജ്വലവിജയം പ്രതിപക്ഷ ക്യാമ്പിൽ പ്രാദേശിക പാർട്ടികൾക്ക് പ്രതീക്ഷയേകുന്നു. ബിഹാറിൽ ആർ.ജെ.ഡി.യും മഹാരാഷ്ട്രയിൽ ശിവസേനയുമാണ് എ.എ.പി.യുടെ വിജയം മാതൃകാപരമെന്ന വിശേഷണവുമായി രംഗത്തുവന്നത്. മോദിയും ഷായും അജയ്യരല്ലെന്ന് ആം ആദ്മി വിജയം തെളിയിക്കുന്നതായി ശിവസേന പറഞ്ഞു.

ഈ വർഷം ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ആർ.ജെ.ഡി. നേതൃത്വം നൽകുന്ന മഹാസഖ്യത്തിന് ആത്മവിശ്വാസം പകരുന്നതാണ് ഡൽഹിയിലെ വിജയം. തൊട്ടടുത്ത സംസ്ഥാനമായ ഡൽഹിയിൽ ബി.ജെ.പി.ക്കേറ്റ കനത്ത തിരിച്ചടി ബിഹാറിലും പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് ആർ.ജെ.ഡി. യഥാർഥ ദേശീയതയാണ് ഡൽഹിയിലെ ജനങ്ങൾ പ്രകടിപ്പിച്ചതെന്നും ബിഹാറിലെ ജനങ്ങൾ നിതീഷിനെ പുറത്താക്കാൻ ഈ മാതൃക സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പറഞ്ഞു.

ദീർഘകാലം എൻ.ഡി.എ.യുടെ സഖ്യകക്ഷിയായിരുന്ന ശിവസേന ബി.ജെ.പി.ക്കെതിരെ കടുത്ത പരിഹാസമാണ് ഉയർത്തിയത്. ഡൽഹിയിലെ ജനങ്ങൾ രാമൻമാരും കെജ്‍രിവാൾ രാമഭക്തനായ ഹനുമാനുമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് സാമ്‌നയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. രാമൻ ഹനുമാനൊപ്പം ശക്തമായി നിലയുറപ്പിച്ചതാണ് തിരഞ്ഞെടുപ്പ് വിജയം. മോദിയും ഷായും അജയ്യരല്ലെന്നാണ് ഡൽഹി വിജയം വ്യക്തമാക്കുന്നത്. ജനങ്ങൾ സത്യസന്ധരാണ്. മതങ്ങളെ രാഷ്ട്രീയ താത്‌പര്യത്തിനായി ഉപയോഗിച്ചാൽ വിജയിക്കില്ലെന്നും ശിവസേന പറഞ്ഞു.

Content Highlights: AAP's election victory in Delhi, Hope for regional parties