അഹമ്മദാബാദ്: ഗുജറാത്തിൽ കഴിഞ്ഞ ദിവസം നടന്ന ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കുംകൂടി കിട്ടിയത് ബി.ജെ.പി.യേക്കാൾ 18,987 വോട്ട് അധികം. പക്ഷേ, പാർട്ടികൾ ചേരിതിരിഞ്ഞ് മത്സരിച്ചതിനാൽ സീറ്റു മുഴുവൻ കിട്ടിയത് ബി.ജെ.പി.ക്കാണ്. അടുത്തവർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവർത്തനം ശക്തമാക്കിയ എ.എ.പി., കോൺഗ്രസിന് വലിയ ഭീഷണിയാവുകയാണ്.

ഗാന്ധിനഗറിൽ ബി.ജെ.പി.ക്ക് 46.49 ശതമാനം വോട്ടും 41 സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസിന് 27.99 ശതമാനം വോട്ടും രണ്ട് സീറ്റും കിട്ടി. എ.എ.പി. 21.72 ശതമാനം വോട്ടും ഒരു സീറ്റും സ്വന്തമാക്കി. രണ്ടു പാർട്ടികൾക്കുംകൂടി ബി.ജെ.പി.യേക്കാൾ 3.32 ശതമാനം വോട്ടാണ് അധികമുള്ളത്. 2016-ലെ 46.93 ശതമാനത്തിൽനിന്നാണ് കോൺഗ്രസ് കുത്തനെ വീണത്. ബി.ജെ.പി.യാകട്ടെ അന്നത്തെ 44.76 ശതമാനത്തിൽനിന്നും അല്പംകൂടി നില മെച്ചപ്പെടുത്തി. പുതുതായി കൂട്ടിച്ചേർത്ത വില്ലേജുകൾ ബി.ജെ.പി.ക്ക് സ്വാധീനമുള്ളവയുമായിരുന്നു. ഇവിടെ ആദ്യമായി മത്സരിച്ച എ.എ.പി., വോട്ടുകൾ ചോർത്തിയില്ലായിരുന്നെങ്കിൽ തലസ്ഥാനനഗരത്തിൽ ബി.ജെ.പി.ക്ക് ഒപ്പമോ മുന്നിലോ എത്തുമായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി.യുടെ ‘ബി’ ടീമാണ് ആം ആദ്മി പാർട്ടിയെന്ന് കോൺഗ്രസ് വക്താവ് മനീഷ് ദോഷി ആരോപിക്കുന്നു. എന്നാൽ, കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളാവുന്നവരായി വോട്ടർമാർ കരുതിയില്ലെന്ന് എ.എ.പി. സംസ്ഥാന പ്രസിഡന്റ് ഗോപാൽ ഇടാലിയ പറഞ്ഞു. 2011-ലും 2016-ലും മേൽക്കൈ ഉണ്ടായിട്ടും ബി.ജെ.പി.ക്ക് ഭരണം അടിയറവുവെക്കുകയാണ് കോൺഗ്രസ് ചെയ്തത്. ഇതിൽ നിരാശരായവർ എ.എ.പി.യെ പുതിയ പ്രതീക്ഷയായി കാണുന്നു -അദ്ദേഹം അവകാശപ്പെട്ടു.

സംസ്ഥാനത്തെ മറ്റുചിലയിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷവോട്ടുകളും കോൺഗ്രസിനെ വിട്ടുപോയി. ഓഖ നഗരസഭയിൽ ബി.ജെ.പി. നിർത്തിയ എട്ടിൽ ആറു മുസ്‍ലിം സ്ഥാനാർഥികൾ വിജയിച്ചു. ക്രിസ്ത്യൻ വോട്ടർമാർ ധാരാളമുള്ള തപിയിലെ ഒരു ജില്ലാ പഞ്ചായത്ത് സീറ്റും ഉപതിരഞ്ഞെടുപ്പ് നടന്ന ആറു താലൂക്ക് പഞ്ചായത്ത് സീറ്റുകളും ബി.ജെ.പി.ക്കാണ്. സംസ്ഥാനത്തെ ഏക ക്രിസ്ത്യൻ എം.എൽ.എ.യായ കോൺഗ്രസിന്റെ പുനാജി ഗമിതിന്റെ ജന്മനാടും ഇതിൽ വരും. കഴിഞ്ഞ ഫെബ്രുവരിയിലെ തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിൽ സൂറത്തിൽ കോൺഗ്രസിനെ നിഷ്പ്രഭമാക്കി എ.എ.പി. പ്രതിപക്ഷമായി മാറിയിരുന്നു. അഹമ്മദാബാദിൽ ഒവൈസിയുടെ മജ്‌ലിസ് പാർട്ടി കോൺഗ്രസിന്റെ ചില കോട്ടകൾ പിടിച്ചെടുക്കുകയുമുണ്ടായി.