ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതിയും ഇതേപോലെ നീട്ടണമെന്ന ആവശ്യം ചൊവ്വാഴ്ച ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഉന്നയിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവിറക്കാന്‍ കോടതി വിസമ്മതിച്ചത്.
ആധാര്‍ അതോറിറ്റി സി.ഇ.ഒ. അജയ് ഭൂഷണ് പാണ്ഡെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ആധാര്‍ സംബന്ധിച്ച പവര്‍പോയിന്റ് അവതരണം ചൊവ്വാഴ്ച പൂര്‍ത്തിയാക്കി. ആധാറിന്റെ ആധികാരികത 88 ശതമാനം മാത്രമേ ഉറപ്പാക്കാനാകൂവെന്ന പാണ്ഡെയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകന് കെ.വി. വിശ്വനാഥ് പദ്ധതിക്കെതിരേ വാദിച്ചു. പാണ്ഡെ പറയുന്നത് ശരിയാണെങ്കില്‍ 12 ശതമാനം പേര് വിവിധ ക്ഷേമപദ്ധതികളില്‍നിന്ന് പുറത്താകും. 12 ശതമാനമെന്നാല് ഇന്ത്യയിലെ 14 കോടിയാളുകളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതിനെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ശക്തമായെതിര്‍ത്തു. ഒരാള്‍പോലും പദ്ധതികളില്‍ നിന്ന് ഒഴിവാകില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
വിവരച്ചോര്‍ച്ച തടയാന്‍ നിയമം വേണം
ആധാറില്‍നിന്ന് അടക്കം പൗരന്മാരുടെ വ്യക്തിഗത വിവരം ചോരുന്നത് തടയാന്‍ ശക്തമായ നിയമം വേണമെന്ന് സുപ്രീം കോടതി. ഇത്തരമൊരു നിയമം രാജ്യത്തില്ലെന്ന് ഭരണഘടനാ ബെഞ്ച് വാദത്തിനിടെ ചൂണ്ടിക്കാട്ടി.
ടെലികോം രംഗത്തെയടക്കമുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ആധാര്‍ സ്ഥിരീകരണത്തിന് വിവരങ്ങള്‍ നല്കുമ്പോള് അവ ചോരാതിരിക്കാനുള്ള മുന്കരുതലെടുക്കുന്നുണ്ടോയെന്നും കോടതി ആധാര്‍ അതോറിറ്റി സി.ഇ.ഒ.യോട് ആരാഞ്ഞു.
ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കുന്നത് നിയമപ്രകാരം കുറ്റകരമാണെന്ന് അതോറിറ്റി മേധാവി കോടതിയെ അറിയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമേ ബയോമെട്രിക് വിവരങ്ങള്‍ പങ്കുവെക്കൂ. ഇതിന് കാബിനറ്റ് സെക്രട്ടറിയുടെ അനുമതിയും വേണം. ഏഴുവര്‍ഷത്തിനിടെ ഇത്തരം ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ കൈമാറിയിട്ടില്ല -അദ്ദേഹം അറിയിച്ചു.