ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട്‌ പേർ കോവിഡ്-19 നെതിരായ പ്രതിരോധശേഷി കൈവരിച്ചതായി ഐ.സി.എം.ആറിന്റെ ‘സിറോ സർവേ’ ഫലം. 40 കോടി പേർ രോഗം പിടിപെടാൻ സാധ്യതയുള്ള വിഭാഗത്തിലാണ്. 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽ നടത്തിയ സർവേഫലം അപഗ്രഥിച്ചപ്പോൾ ബോധ്യപ്പെട്ടത് 67.6 ശതമാനം ജനങ്ങളിൽ വൈറസിനെതിരായ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ടെന്നാണ്.

കോവിഡ് ബാധകാരണമോ, വാക്സിൻ സ്വീകരിച്ചതുവഴിയോ ആണ് ആന്റിബോഡി രൂപപ്പെടുന്നത്. രണ്ടാം തരംഗത്തിന്റെ ഒടുവിൽ ജൂണിലും ജൂലായ് ആദ്യ ആഴ്ചയിലുമായിട്ടാണ് പഠനം നടത്തിയത്. ഐ.സി.എം.ആറിന്റെ നാലാം സിറോ സർവേ ആണിത്. ഒന്നാംതരംഗത്തിന്റെ അവസാനം ഡിസംബറിലും ജനുവരിയിലുമായി നടത്തിയ മൂന്നാം സർവേയിൽ 24.1 ശതമാനം ആളുകളിലേ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടിരുന്നുള്ളൂ. ഇതാദ്യമായി ആറ്‌ മുതൽ 17 വരെ വയസ്സുള്ള കുട്ടികളെ സർവേയിൽ ഉൾപ്പെടുത്തി.

ആന്റിബോഡി കുറഞ്ഞ സംസ്ഥാനങ്ങളിലും ജില്ലകളിലും രോഗത്തിന്റെ തരംഗം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ജി.എസ്. ഭാർഗവ ചൂണ്ടിക്കാട്ടി. ആറിനും 17-നുമിടയിൽ പ്രായമുള്ള കുട്ടികളിൽ പകുതിയിലേറെപ്പേരിൽ ആന്റിബോഡിയുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ആന്റിബോഡിയുടെ സാന്നിധ്യം ഏതാണ്ട് തുല്യമാണ്.

സർവേഫലം ആശ്വാസം പകരുന്നതാണെങ്കിലും കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഒട്ടും അലംഭാവം പാടില്ലെന്ന് ഡോ. ഭാർഗവയും നീതി ആയോഗ് അംഗം ഡോ. വി.കെ. പോളും പറഞ്ഞു. പൊതുചടങ്ങുകളും മത, രാഷ്ട്രീയ കൂടിച്ചേരലുകളും അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കണം. രണ്ട്‌ വാക്സിനുകളും എടുത്താലേ യാത്ര പാടുള്ളൂ.

ആന്റിബോഡി ഇങ്ങനെ

6-9 വയസ്സുകാർ - 57.2 ശതമാനത്തിൽ ആന്റിബോഡി

10-17 - 61.6 ശതമാനം

18-44 - 66.7 ശതമാനം

45-60 - 77.6 ശതമാനം

60-ന് മുകളിലുള്ളവർ - 76.7 ശതമാനം

പുരുഷന്മാർ - 65.8 ശതമാനം

സ്ത്രീകൾ - 69.2 ശതമാനം

ഗ്രാമീണ മേഖല - 66.7 ശതമാനം

നഗരപ്രദേശങ്ങൾ - 69.6 ശതമാനം