ജയ്‌പുർ: രാജ്യത്തെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസമുറപ്പാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി ഗുണംചെയ്തവരിൽ 59-കാരനായ ഒരു ജനനേതാവും ഉൾപ്പെടും. ഏഴാംക്ലാസ് യോഗ്യതയുമായി രാഷ്ട്രീയത്തിലിറങ്ങിയ രാജസ്ഥാനിലെ ഉദയ്‌പുർ എം.എൽ.എ. ഫൂൽ സിങ് മീന ഇപ്പോൾ ബിരുദ വിദ്യാർഥിയാണ്.

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പെൺകുട്ടികൾക്ക് പഠനം ഉറപ്പാക്കാൻ ഒട്ടേറെ പദ്ധതികളാണ് ഈ ബി.ജെ.പി. എം.എൽ.എ. നടത്തിവരുന്നത്. മറ്റുള്ളവരെ പഠിക്കാൻ പ്രചോദിപ്പിക്കുമ്പോൾ സ്വന്തംവിദ്യാഭ്യാസം പൂർത്തിയാക്കാനായില്ലല്ലോ എന്ന ദുഃഖം വേദനിപ്പിച്ചുതുടങ്ങിയെന്ന് സിങ് പറയുന്നു. അച്ഛന്റെ മരണത്തോടെ പഠനം ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങേണ്ടിവന്നതിനാലാണ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നത്.

തുടർന്നുപഠിക്കാനുള്ള അച്ഛന്റെ ആഗ്രഹം തിരിച്ചറിഞ്ഞ നാലുപെൺമക്കളാണ് ഫൂൽ സിങ്ങിനെ പഠിക്കാൻ സഹായിച്ചത്. 2013-ൽ ഓപ്പൺ സ്കൂളിലൂടെ പത്താംക്ലാസിലെത്തിയെങ്കിലും ഔദ്യോഗിക തിരക്കുമൂലം പരീക്ഷയെഴുതാനായത് മൂന്നുവർഷത്തിനുശേഷമാണ്. 2017-ൽ പ്ലസ്ടു പാസായി. ഏതാനുംമാസങ്ങൾക്കുമുമ്പ് എഴുതിയ ബി.എ. ഒന്നാംവർഷ പരീക്ഷയുടെ ഫലംകാത്തിരിക്കുകയാണ് ഫൂൽ സിങ് മീന.