കൊൽക്കത്ത: പശ്ചിമബംഗാളിൽ മുൻ ക്രിക്കറ്റ് താരം മനോജ് തിവാരിയടക്കം 43 പേർ മന്ത്രിമാരായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. 18 പേർ പുതുമുഖങ്ങളാണ്. എട്ടു വനിതകളും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഏഴുപേരും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലുണ്ട്.

മുൻ മന്ത്രിസഭകളിൽ ധനകാര്യമന്ത്രിയായിരുന്ന അമിത് മിത്രയെ നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ലെങ്കിലും ഇത്തവണയും മന്ത്രിയാക്കി. അദ്ദേഹവും ബ്രാത്യ ബോസും ആരോഗ്യകാരണങ്ങളാൽ വെർച്വലായാണ് സത്യപ്രതിജ്ഞ ചെയ്തത്.

ആദ്യമായി നിയമസഭയിലെത്തിയ സിനിമാനടി ബിർബാഹ ഹൻസ്ദയും മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഹുമയൂൺ കബീറും മന്ത്രിമാരായി. മമതയ്ക്കെതിരേ മത്സരിച്ച സുവേന്ദു അധികാരി, വിമതൻ രാജിവ് ബാനർജി എന്നിവരുടെ ജില്ലയിൽ നിന്നുള്ള അഖിൽ ഗിരി, അരൂപ് റോയ് എന്നിവരും മന്ത്രിസഭയിലുണ്ട്.

നാരദാ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

പുതുതായി സത്യപ്രതിജ്ഞചെയ്ത രണ്ടു മന്ത്രിമാരടക്കം നാലു മുതിർന്നനേതാക്കളെ നാരദ ഒളിക്യാമറക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ജഗദീപ് ധൻകർ അനുമതി നൽകി. മന്ത്രിമാരായ സുബ്രത മുഖർജി, ഫിർഹാദ് ഹക്കീം, എം.എൽ.എ. മദൻ മിത്ര, തൃണമൂൽവിട്ട് ബി.ജെ.പി.യിലെത്തിയ സോവൻ ചാറ്റർജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി.

മമതാ സർക്കാരിലെ മന്ത്രിമാരായിരുന്ന ഇവർ കോഴവാങ്ങുന്ന ദൃശ്യങ്ങൾ 2016-ൽ മാത്യു സാമുവലിന്റെ നാരദാ ചാനൽ ഒളിക്യാമറയിൽ ചിത്രീകരിച്ചിരുന്നു. തുടർന്ന് കൽക്കത്ത ഹൈക്കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടു. ഇവർക്കെതിരേ തെളിവുണ്ടെന്നും പ്രോസിക്യൂഷന് അനുമതി വേണമെന്നും ആവശ്യപ്പെട്ട് ജനവരിയിലാണ് സി.ബി.ഐ. ഗവർണർക്ക് കത്തയച്ചത്. വെള്ളിയാഴ്ചയാണ് അനുമതി നൽകിയുള്ള ഉത്തരവിൽ ഗവർണർ ഒപ്പിട്ടത്. ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് സി.ബി.ഐ. അറിയിച്ചു.

content highlights: 43 mla's including former cricketer manoj tiwari takes oath in west bengal