ന്യൂഡൽഹി: അടിത്തറനഷ്ടമായ ഉത്തർപ്രദേശിൽ ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിയമസഭാതിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റ് വനിതകൾക്കുനൽകുമെന്ന് കോൺഗ്രസ്.

ഉത്തർപ്രദേശിലെ സ്ത്രീകൾക്കായാണ് തീരുമാനമെന്നും മാറ്റം കൊണ്ടുവരാൻ കഴിയുന്ന അവർ മുന്നോട്ടുവരേണ്ടതുണ്ടെന്നും ലഖ്‌നൗവിൽനടന്ന പത്രസമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. യോഗ്യതമാത്രമായിരിക്കും സ്ഥാനാർഥിയെ നിശ്ചയിക്കുന്ന ഘടകമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള അവർ വ്യക്തമാക്കി.

“പാർട്ടിയാണ് 40 ശതമാനം സീറ്റ് സ്ത്രീകൾക്കുനൽകാൻ തീരുമാനിച്ചത്. എന്റേതായിരുന്നു തീരുമാനമെങ്കിൽ 50 ശതമാനം നൽകുമായിരുന്നു. ഇതിനുപിന്നിൽ വേറെ ഒളിഞ്ഞിരിക്കുന്ന അർഥമൊന്നുമില്ല. രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് അധികാരത്തിന്റെ പൂർണപങ്കാളിത്തം നൽകുകയാണുദ്ദേശ്യം. രാജ്യം സമത്വത്തിന്റെയും പ്രാതിനിധ്യത്തിന്റെയും തലത്തിൽ മുന്നോട്ടുപോകാനും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിൽനിന്നുമാറാനും സ്ത്രീകൾ മുന്നോട്ടുവരണം. രാഷ്ട്രീയപ്പാർട്ടികൾ ചിന്തിക്കുന്നത് ഗ്യാസ് സിലിൻഡറുകളും 2000 രൂപയും നൽകിയാൽ സ്ത്രീകളെ തൃപ്തിപ്പെടുത്താമെന്നാണ്” - ബി.ജെ.പി.യെ പേരുപറയാതെ വിമർശിച്ച് പ്രിയങ്ക പറഞ്ഞു.

തിരഞ്ഞെടുപ്പിൽ വനിതാ മുഖ്യമന്ത്രിസ്ഥാനാർഥിയായി മത്സരിക്കുമോ എന്ന ചോദ്യത്തിൽനിന്ന് പ്രിയങ്ക ഒഴിഞ്ഞുമാറി. പ്രിയങ്കയായിരിക്കും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്നാണ് അഭ്യൂഹം. കഴിഞ്ഞതവണ 403 അംഗ നിയമസഭയിൽ കോൺഗ്രസിന് ഏഴുസീറ്റാണ് ലഭിച്ചത്.

ഒരിക്കൽ മത്സരിക്കേണ്ടിവരുമെന്ന് പ്രിയങ്ക

ഒരിക്കൽ മത്സരിക്കേണ്ടി വരുമെന്നും ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും പിന്നെ കാണാമെന്നും പ്രിയങ്ക. അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുമോയെന്ന ചോദ്യത്തിന് വാർത്താ ഏജൻസിയോടായിരുന്നു പ്രിയങ്കയുടെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമാണ് റായ്ബറേലി. അമേഠി കോൺഗ്രസിന്റെ പഴയ തട്ടകമാണ്.

content highlights: 40% seats will be given to women in up election says priyanka gandhi