കന്യാകുമാരി: കൊച്ചിയില്‍നിന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിനുപോയ 32 പേര്‍ ഡീഗോ ഗാര്‍സിയ ദ്വീപില്‍ ബ്രിട്ടീഷ് നാവികസേനയുടെ തടവില്‍ തുടരുന്നതായി സൂചന. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള ദ്വീപിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ തടവിലാക്കിയതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. വിഴിഞ്ഞം, എറണാകുളം, കന്യാകുമാരി ജില്ലയിലെ തൂത്തൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇതിലധികവും.

19 ദിവസംമുന്‍പ് രണ്ടു ബോട്ടുകളിലാണ് ഇവര്‍ മത്സ്യബന്ധനത്തിനുപോയത്. പിടിയിലായവരില്‍ വിഴിഞ്ഞം സ്വദേശികളായ സുരേഷ് (20), ബിനു (18), വി. സുരേഷ് (19), യേശുദാസന്‍ (43), ശബരിയാര്‍ (52), പ്രബിന്‍ (25), എ. സുരേഷ് (33), പൂന്തുറ സ്വദേശികളായ സ്റ്റീഫന്‍ (32), സാജന്‍ (32), വര്‍ഗീസ് (48), പുല്ലുവിള സ്വദേശി ലൂയിസ് വിന്‍സന്റ് (29), അടിമലത്തുറ സ്വദേശി ജോസ് (43), തമിഴ്‌നാട് നീരോടി സ്വദേശി ഫ്രെഡി (36) തുടങ്ങിയവരുടെ വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞദിവസം സുരേഷ്, ബിനു എന്നിവര്‍ വിഴിഞ്ഞത്തെ ബന്ധുക്കളെ വിളിച്ചപ്പോഴാണ് ഇവര്‍ തടവിലായ വിവരം പുറത്തറിയുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് തീരദേശ പോലീസ് പറഞ്ഞു.

എന്നാല്‍, ഇവര്‍ കുടുംബാംഗങ്ങളെ വിളിച്ച് തങ്ങള്‍ തടവിലാണെന്നു പറഞ്ഞതായി കന്യാകുമാരി ജില്ലയിലെ ഫിഷറീസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലാമേക് ജയകുമാര്‍ പറഞ്ഞു. കഴിഞ്ഞമാസം മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടുകള്‍ മാര്‍ച്ച് ഒന്നിനു തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഡീഗോ ഗാര്‍സിയ ദ്വീപ് സൈനികകാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കേരളത്തില്‍നിന്നുള്ള മീന്‍പിടിത്തക്കാര്‍ ഇവിടെ മുന്‍പും പിടിയിലായിട്ടുണ്ടെങ്കിലും നയതന്ത്രനീക്കത്തിലൂടെ മോചിപ്പിക്കുകയായിരുന്നു.