ഹൈദരാബാദ്: രാജ്യത്തെ നീതിന്യായസംവിധാനത്തിൽ മാതൃഭാഷയ്ക്കും പ്രാധാന്യം നൽകണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മാതൃഭാഷകളുടെ സംരക്ഷണത്തെക്കുറിച്ച് ‘തെലുങ്ക് കൂട്ടമി’ സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞദിവസം കോടതിയുടെ ഔദ്യോഗികഭാഷയായ ഇംഗ്ലീഷ് വശമില്ലാതിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിനിക്ക് തെലുങ്കിൽ കാര്യങ്ങൾ പറയാനുള്ള അനുമതി നൽകിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ തീരുമാനത്തെ അദ്ദേഹം പരാമർശിച്ചു. കോടതികളിൽ വ്യക്തികൾക്ക് അവരുടെ പ്രശ്നങ്ങൾ ശരിയായ രീതിയിൽ പ്രകടിപ്പിക്കാൻ പ്രാദേശികഭാഷയുടെ പങ്ക് വലുതാണ്. -അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഭാഷകളെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നൂതനവും സഹകരണപരവുമായ ശ്രമങ്ങൾ ഉണ്ടാകണമെന്നും നായിഡു പറഞ്ഞു. മാതൃഭാഷ സംരക്ഷിക്കുന്ന ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള മികച്ച സമ്പ്രദായങ്ങളെ പരാമർശിച്ച ഉപരാഷ്ട്രപതി, ഭാഷാപ്രേമികളോടും ഭാഷാപണ്ഡിതരോടും അധ്യാപകരോടും രക്ഷിതാക്കളോടും മാധ്യമങ്ങളോടും അത്തരം രാജ്യങ്ങളിൽനിന്ന് ഉൾക്കാഴ്ചകൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു.