ബെംഗളൂരു: കെംപെഗൗഡ (ബെംഗളൂരു) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിലേക്ക് കടത്താനെത്തിച്ച ആറുകോടി വിലമതിക്കുന്ന രക്തചന്ദനത്തടികൾ പിടികൂടി. വ്യാഴാഴ്ച വൈകിട്ടോടെയാണ് റവന്യൂ ഇന്റലിജൻസ് വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽനിന്ന് രക്തചന്ദനം കണ്ടെത്തിയത്. പ്ലാസ്റ്റിക് പൈപ്പുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു തടിക്കഷണങ്ങൾ. ഇവ വിമാനത്താവളത്തിലെത്തിച്ചവരെക്കുറിച്ചുള്ള ചില സൂചനകൾ ലഭിച്ചതായി അധികൃതർ പറഞ്ഞു. പാഴ്‌സൽ വിദേശത്തേക്ക് അയയ്ക്കാൻ ബുക്കുചെയ്തയാളുടെ വിലാസം വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിൽനിന്നാണ് രക്തചന്ദനം എത്തിച്ചതെന്നാണ് പ്രാഥമികവിവരം. വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘം ബെംഗളൂരുവഴി രക്തചന്ദനത്തടി അയയ്ക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഒരാഴ്ചയായി വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയിരുന്നു. കെട്ടിട നിർമാണ ആവശ്യത്തിനായി കൊണ്ടുപോകുന്ന പ്ലാസ്റ്റിക് പൈപ്പുകൾ എന്നു രേഖപ്പെടുത്തിയിരിക്കുന്ന പാഴ്‌സലുകൾ സംശയംതോന്നിയ ഉദ്യോഗസ്ഥർ തുറന്നുപരിശോധിച്ചതോടെയാണ് തടിക്കഷണങ്ങൾ കണ്ടെത്തിയത്.

സമീപകാലത്തായി വിമാനത്താവളത്തിൽനിന്ന് പിടികൂടുന്ന ഏറ്റവുംവലിയ രക്തചന്ദനക്കടത്താണിതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിരിക്കുകയാണ് ബെംഗളൂരുവിലെ റവന്യൂ ഇന്റലിജൻസ് വിഭാഗം.