ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗോഗ്ര, ഹോട്ട്സ്‌പ്രിങ് എന്നിവിടങ്ങളിൽനിന്ന് സൈനികരെ പിൻവലിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മിൽ 12-ാം വട്ട കോർ കമാൻഡർതല ചർച്ച തുടങ്ങി.

യഥാർഥ നിയന്ത്രണരേഖയിലെ മോൾഡോയിൽ ചൈനീസ് പ്രദേശത്ത് ശനിയാഴ്ച രാവിലെ 10.30-നാണ് ചർച്ചതുടങ്ങിയത്. ജൂലായ് 26-ന് ചർച്ച നടത്താമെന്നായിരുന്നു ചൈന അറിയിച്ചിരുന്നതെങ്കിലും അന്ന് കാർഗിൽ വിജയ് ദിവസമായതിനാൽ ഇന്ത്യ അസൗകര്യം അറിയിച്ചു. തുടർന്നാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.

പാംഗോങ് തടാകത്തിന്റെ ഇരുകരയിലും സൈനിക പിന്മാറ്റം ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. ഗോഗ്ര, ഹോട്ട്സ്‌പ്രിങ്, ദെംചോക്ക്, ഡെപ്‌സാങ് എന്നിവിടങ്ങളിലാണ് പ്രശ്നം തുടരുന്നത്. നേരത്തേയുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ ചില മേഖലകളിൽ ബഫർ സോണുകളുണ്ടാക്കിയിട്ടുണ്ടെന്നും താഴെത്തട്ടിൽ ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും സൈനികവൃത്തങ്ങൾ പറഞ്ഞു. മേജർ, ജനറൽതല ചർച്ചയും വേഗത്തിൽ നടക്കുമെന്നാണ് സൂചന.