മുംബൈ: അനധികൃത പണമിടപാടുകേസിൽ മൊഴി നൽകാനെത്തണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനും മകൻ ഋഷികേശിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. തിങ്കളാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാലാം തവണയാണ് ദേശ്‌മുഖിന് സമൻസ് അയയ്ക്കുന്നത്.

അന്വേഷണത്തെ ചോദ്യം ചെയ്ത് ദേശ്‌മുഖ് നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് പുതിയ സമൻസ് അയയ്ക്കുന്നത്. കോടതിയുടെ തീർപ്പ് അറിഞ്ഞശേഷമേ ഇ.ഡി.യ്ക്കു മുന്നിൽ ഹാജരാകൂ എന്നാണ് ദേശ്‌മുഖ് പറഞ്ഞിരുന്നത്.ഹർജി വെള്ളിയാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വന്നിരുന്നെങ്കിലും ഇടക്കാല ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. സമാനമായ മറ്റു കേസുകൾക്കൊപ്പം ഓഗസ്റ്റ് മൂന്നിന് ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കറും കൃഷ്ണ മുരാരിയും വി. രാമസുബ്രഹ്മണ്യനുമടങ്ങുന്ന ബെഞ്ച് അറിയിച്ചു.

മുംബൈയിലെ ബാറുകളിൽനിന്ന് എല്ലാ മാസവും 100 കോടി രൂപ വീതം പിരിച്ചു നൽകാൻ മന്ത്രിയായിരിക്കേ അനിൽ ദേശ്‌മുഖ് പോലീസുകാർക്ക് നിർദേശം നൽകിയെന്ന് മുംബൈ പോലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഇതുവരെ 80 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയെന്നാണ് ഇ.ഡി. വൃത്തങ്ങൾ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് വർളിയിലും ഉറാനിലും ദേശ്‌മുഖ് കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 4.21 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങളും കോവിഡ് ഭീഷണിയും ഉള്ളതുകൊണ്ട് വീഡിയോ കോൺഫറൻസിങ്ങിലൂടെ മൊഴി നൽകാൻ അനുവദിക്കണമെന്ന് ദേശ്‌മുഖ് അപേക്ഷിച്ചിരുന്നെങ്കിലും അത് ഇ.ഡി. അംഗീകരിച്ചില്ല. വീണ്ടും സമൻസ് അയച്ചപ്പോഴാണ് ഇ.ഡി.യുടെ അന്വേഷണം പക്ഷപാതപരമാണെന്നും അവരുടെ പ്രതികാര നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് ദേശ്‌മുഖ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇതേ കേസിൽ നടക്കുന്ന സി.ബി.ഐ. അന്വേഷണത്തെ ചോദ്യം ചെയ്ത് ദേശ്‌മുഖും സംസ്ഥാന സർക്കാരും നൽകിയ ഹർജികൾ ബോംബെ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. അതിനു പിന്നാലെയാണ് രണ്ട് പോലീസ് ഓഫീസർമാരുടെ വസതികളുൾപ്പെടെ 12 ഇടങ്ങളിൽ സി.ബി.ഐ. റെയ്ഡ് നടത്തിയത്.