മുംബൈ: മുൻമന്ത്രിയും പെസന്റസ്‌ വർക്കേഴ്‌സ്‌ പാർട്ടി (പി.ഡബ്ള്യു.പി.)യുടെ മുതിർന്ന നേതാവുമായിരുന്ന ഗണപത്‌ റാവു അണ്ണാസാഹേബ്‌ ദേശ്‌മുഖ്‌ (95) അന്തരിച്ചു. ഇന്ത്യയിൽ അമ്പത്‌ വർഷത്തിലേറെക്കാലം നിയമസഭാ സമാജികരായിരുന്ന ചുരുക്കംപേരിലൊരാളാണ്‌. 54 വർഷം അദ്ദേഹം മഹാരാഷ്ട്രയിൽ എം.എൽ.എ.യായിരുന്നു. ശവസംസ്കാരം പൂർണ സംസ്ഥാന ബഹുമതികളോടെ സോളാപുരിലെ ജന്മസ്ഥലമായ സൻഗോളയിൽ നടന്നു. കർഷകരും തൊഴിലാളികളും ഉൾപ്പെടെ ഒട്ടേറെപേർ അന്തിമോപചാരം അർപ്പിച്ചു.

സൻഗോളിയിൽനിന്ന്‌ 1962 മുതൽ 11 തവണ അദ്ദേഹം നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2012-ൽ എം.എൽ.എ. എന്ന നിലയിൽ അമ്പതുവർഷം പൂർത്തികരിച്ച വേളയിൽ നിയമസഭ അദ്ദേഹത്തെ ആദരിച്ചിരുന്നു. 70-വർഷത്തെ രാഷ്ട്രീയജീവിതത്തിൽ രണ്ടുതവണ മാത്രമാണ്‌ അദ്ദേഹം പരാജയമറിഞ്ഞിട്ടുള്ളത്. അത് 1972-ലും 1995-ലുമായിരുന്നു. 1995-ൽ കൊച്ചുമകൻ അനികേത്‌ ദേശ്‌മുഖിനോട്‌ കേവലം 190 വോട്ടുകൾക്കാണ്‌ തോറ്റത്‌. 1978-ൽ ശരദ്‌പവാറിന്റെ മന്ത്രിസഭയിലും 1999-ൽ വിലാസ്റാവുദേശ്‌മുഖ്‌ മന്ത്രിസഭയിലും മന്ത്രിയായിരുന്നു. 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗത്തിലും വിജയിച്ച അദ്ദേഹം 2019-ലെ തിരഞ്ഞെടുപ്പിന്‌ മുമ്പായി ഇനി മത്സരിക്കാനില്ലെന്ന്‌ പ്രഖ്യാപിക്കുകയായിരുന്നു.

ജനകീയനായ എം.എൽ.എ. എന്ന വിശേഷണമായിയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. എം.എൽ.എ. ആയിരുന്നപ്പോഴും സ്റ്റേറ്റ്‌ ട്രാൻസ്‌പോർട്ട്‌ ബസ്സിലായിരുന്നു യാത്രചെയ്തിരുന്നത്‌. ദേശ്‌മുഖിന്റെ നിര്യാണത്തിൽ ഗവർണർ ഭഗത്‌സിങ്‌ കോഷിയാരി, മുഖ്യമന്ത്രി ഉദ്ധവ്‌താക്കറേ, മുൻ മുഖ്യമന്ത്രിമാരായ ശരദ്‌ പവാർ, പൃഥ്വിരാജ്‌ ചവാൻ, അശോക്‌ ചവാൻ, ദേവേന്ദ്ര ഫഡ്‌നവിസ്‌ എന്നിവർ അനുശോചിച്ചു.