ന്യൂഡൽഹി: ലഡാക്ക് മേഖലയിലെ ചൈനീസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാൻ ഇസ്രയേലിൽനിന്ന് മികവുറ്റ പുതിയ ഹെറോൺ ഡ്രോണുകൾ രാജ്യത്തെത്തി. കിഴക്കൻ ലഡാക്ക് മേഖലയിൽ വിന്യസിച്ച ഡ്രോണുകൾ പ്രവർത്തനം ആരംഭിച്ചതായി കരസേനാവൃത്തങ്ങൾ അറിയിച്ചു.

നിലവിൽ കരസേനയുടെ ശേഖരത്തിലുള്ള ഹെറോൺ ഡ്രോണുകളേക്കാൾ കാര്യക്ഷമത കൂടിയവയാണ് പുതിയ ഡ്രോണുകൾ.

ചൈനയുമായുള്ള അതിർത്തിസംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സേനകളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് യുദ്ധോപകരണങ്ങൾ വാങ്ങാൻ 500 കോടി രൂപവരെ അടിയന്തര സാമ്പത്തിക അധികാരം കേന്ദ്രം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരസേന ഡ്രോണുകൾ വാങ്ങിയത്. ഒാഗസ്റ്റിൽ നടക്കേണ്ടിയിരുന്ന ഡ്രോൺകൈമാറ്റം കോവിഡ് കാരണമാണ് വൈകിയത്.

സവിശേഷതകൾ‍:

*ഉയർന്ന ആന്റി ജാമിങ് ശേഷിയുള്ളവയാണ് പുതിയ ഹെറോൺ ഡ്രോണുകൾ.

*35,000 അടി ഉയരത്തിൽ 45 മണിക്കൂറോളം പ്രവർത്തിക്കാൻ കഴിയും.

*നിർമാതാക്കൾ: ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ്

* ഒാട്ടോമാറ്റിക് ടാക്സി ടെയ്ക്ഒാഫ് ആൻഡ് ലാൻഡിങ് (എ.ടി.ഒ.എൽ.) സംവിധാനം, ഉപഗ്രഹ ആശയവിനിമയ (സാറ്റ്കോം) സംവിധാനം എന്നിവയും ഡ്രോണിലുണ്ട്.