ന്യൂഡൽഹി: കേരളത്തിലെ ഉപഭോക്തൃ കോടതികളുടെ ശാക്തീകരണത്തിനായി സന്നദ്ധസംഘടനയായ പരിവർത്തൻ നൽകിയ ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. രാജ്യത്തെ വിവിധ ഉപഭോക്തൃ കോടതികളുടെ ശാക്തീകരണത്തിനായി സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് പരിവർത്തൻ കക്ഷിചേർന്നുകൊണ്ട് അപേക്ഷ നൽകിയത്.

കേരളത്തിലെ വിവിധ ഉപഭോക്തൃ കോടതികൾ പൂർണമായി പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കെട്ടിക്കിടക്കുന്ന കേസുകളിൽ വൻവർധനയുണ്ടായതായി അഡ്വ. ജോസ് എബ്രഹാംവഴി നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. 2019-ലെ കണക്കനുസരിച്ച് 18,517 കേസുകൾ വിവിധ ജില്ലാ കമ്മിഷനുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. തൃശ്ശൂർ ജില്ലയിൽ മാത്രം 6013 കേസുകളുണ്ട്. ഭൗതികസാഹചര്യങ്ങളുടെ അഭാവമാണ് ഇതിന്റെ പ്രധാന കാരണമെന്ന് ഹർജിയിൽ പറഞ്ഞു.

2019-ലെ നിയമമനുസരിച്ച് ദേശീയതലത്തിൽ പ്രവർത്തിക്കേണ്ട സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്നും പരിവർത്തൻ സംഘടനയ്ക്കുവേണ്ടി പ്രസിഡന്റ് സെജി മൂത്തേരിൽ നൽകിയ ഹർജിയിൽ പറഞ്ഞു.