ന്യൂഡൽഹി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തോട് അവഗണന തുടർന്നാൽ ബഹുജനപ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് മലബാറിലെ എം.പി.മാർ മുന്നറിയിപ്പുനൽകി. മലബാർ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്തിയ പാർലമെന്റ് മാർച്ചിനെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.മാർ.

കോഴിക്കോട് വിമാനത്താവള ഉപദേശകസമിതി ചെയർമാൻ അബ്ദുസ്സമദ് സമദാനി എം.പി. മാർച്ച് ഉദ്ഘാടനംചെയ്തു. ജനകീയമായി പണിതുയർത്തിയ വിമാനത്താവളം നിരന്തരമായ അവഗണയാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ. മുരളീധരൻ, എം.വി. ശ്രേയാംസ് കുമാർ, ജോൺ ബ്രിട്ടാസ്, ഡോ. ശിവദാസൻ, വി.കെ. ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.

വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിക്കുന്നതിനെതിരേ അനിശ്ചിതകാല നിരാഹാരമടക്കമുള്ള സമരങ്ങൾക്ക് മുൻകൈയെടുക്കുമെന്ന് മലബാർ ഡെവലപ്‌മെന്റ് ഫോറം ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി പറഞ്ഞു. കേരള ഹൗസ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് ജന്തർമന്ദിറിൽ പോലീസ് തടഞ്ഞു. ഫോറം ഭാരവാഹികളായ സന്തോഷ് കുമാർ വി.പി., അഷ്റഫ് കളത്തിങ്ങൽപ്പാറ, പ്രിഥ്വിരാജ് നാറാത്ത്, എൻ.സി. ജബ്ബാർ നരിക്കുനി, അജ്മൽ മുഫീദ് വരപ്പുറത്ത്, അജ്മൽ മുഫീദ്, പീലിയാട്ട് രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

എൻ. അശോകൻ, പി.ടി. ജോൺ, എ.കെ.എ. നസീർ, വി.പി. സന്തോഷ് കുമാർ, ഹരീന്ദ്രൻ ആചാരി, സഫർ അഹമ്മദ്, ഷംസുദീൻ കാഞ്ഞങ്ങാട്, ഡോ. ഡനോളി മാനുവൽ, സുനിൽ സിങ്, ചാന്ദന അർജുൻ, അഡ്വ. നവനീത് പവിത്രൻ തുടങ്ങിയവരും സംസാരിച്ചു.