ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടൻ പുതിയ ക്രിപ്റ്റോകറൻസി ബിൽ പാർലമെന്റിലവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ചൊവ്വാഴ്ച രാജ്യസഭയിൽ അറിയിച്ചു.

ഈ സമ്മേളനത്തിൽതന്നെ ലോക്‌സഭയിൽ അവതരിപ്പിക്കാനായി ബിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ മന്ത്രിസഭാതീരുമാനം ഉടനുണ്ടാകുമെന്നു കരുതുന്നു. റിസർവ് ബാങ്ക് ഇറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസിക്കുവേണ്ട രൂപരേഖയുണ്ടാക്കുന്നതിനുകൂടിയുള്ള ബില്ലാണ് ഇത്. എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികൾക്കും നിയന്ത്രണമേർപ്പെടുത്തുന്ന വ്യവസ്ഥയും ബില്ലിലുണ്ടാകും.

പാർലമെന്റിന്റെ കഴിഞ്ഞസമ്മേളനത്തിലും സമാനബിൽ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അവതരിപ്പിച്ചില്ല.

ജി.എസ്.ടി.: സംസ്ഥാനങ്ങളുടെ അഞ്ചുവർഷത്തെ വരുമാനനഷ്‌ടം നികത്തും

ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കിയതുകാരണം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന അഞ്ചുവർഷത്തെ വരുമാനനഷ്ടം നികത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു. കേന്ദ്രസർക്കാർ പ്രതീക്ഷിച്ച 14 ശതമാനം വരുമാനവളർച്ച കൈവരിക്കാൻ ഒരു സംസ്ഥാനത്തിനും ആയില്ലെന്നും 2022-നുശേഷം ജി.എസ്.ടി. നഷ്ടപരിഹാരം തരുമോയെന്നുമുള്ള ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു അവർ. ജി.എസ്.ടി. നടപ്പാക്കി അഞ്ചുവർഷംതികയുന്ന 2022 ജൂൺവരെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടം കേന്ദ്രം പരിഹരിക്കണമെന്ന് ജി.എസ്.ടി. നിയമത്തിൽ വ്യവസ്ഥയുണ്ട്.

2020-21 സാമ്പത്തികവർഷം 37,134 കോടിരൂപയും 2021-22 സാമ്പത്തികവർഷം 14,664 കോടിരൂപയും നഷ്ടപരിഹാരയിനത്തിൽ സംസ്ഥാനങ്ങൾക്കു നൽകാനുണ്ടെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി അവർ പറഞ്ഞു.