ചെന്നൈ: തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണ കാരണങ്ങൾ അറിയാൻ മെഡിക്കൽ ബോർഡ് രൂപവത്കരിക്കണമെന്ന ആവശ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി. ജയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖസാമി കമ്മിഷന്റെ പ്രവർത്തനങ്ങൾക്കെതിരേ അപ്പോളോ ആശുപത്രി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എസ്. അബ്ദുൾ നസീർ, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് എയിംസിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപവത്കരിക്കാമെന്ന് അഭിപ്രായപ്പെട്ടത്. ഇതുസംബന്ധിച്ച് ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 2016 ഡിസംബറിൽ ജയലളിത മരിച്ചത്. കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ. സർക്കാരിന്റെ കാലത്താണ് മരണത്തിന് പിന്നിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചത്. എന്നാൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തിനാൽ മരണകാരണങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ ജസ്റ്റിസ് ആറുമുഖസാമി കമ്മിഷന് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പോളോ ആദ്യം മദ്രാസ് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചത്.

ഡോക്ടർമാരെക്കൂടി ഉൾപ്പെടുത്തി അന്വേഷണ കമ്മിഷൻ വിപുലമാക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ തവണ വാദം കേട്ടപ്പോൾ തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് മെഡിക്കൽ ബോർഡ് രൂപവത്കരണമാകാമെന്ന് കോടതി അഭിപ്രായപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ പരിശോധിക്കാൻ അപ്പോളോയ്ക്ക് കമ്മിഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കമ്മിഷന്റെ ഓഫീസ് പ്രവർത്തിക്കുന്നതിന് കൂടുതൽ സ്ഥലം അനുവദിക്കണമെന്ന കോടതിയുടെ നിർദേശം അനുസരിച്ച് 700 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസ് മുറി നൽകിയതായി തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് ഉത്തരവ് പുറപ്പെടുവിക്കാൻ കേസ് തീയതി വ്യക്തമാക്കാതെ മാറ്റിവെച്ചു.