ചെന്നൈ: സിനിമാ സെക്കൻഡ് ഷോ കഴിഞ്ഞ് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പോലീസുകാരനെ അറസ്റ്റ് ചെയ്തു. മധുരയിലെ തിലകർതിടൽ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ മുരുകനാണ് (41) പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

അവനിയാപുരത്ത് സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന 25-കാരിയാണ് പീഡനത്തിനിരയായത്. പോലീസ് പറയുന്നത്; ശനിയാഴ്ച ജോലികഴിഞ്ഞപ്പോൾ കമ്പനിയുടമ മഹേഷ് കുമാർ യുവതിയടക്കം അഞ്ച് ജീവനക്കാരെയും കൂട്ടി സെല്ലൂരിലെ തിയേറ്ററിൽ സെക്കൻഡ് ഷോയ്ക്ക് പോയി. സിനിമ കഴിഞ്ഞ് മഹേഷ് കുമാർ തന്റെ ബൈക്കിലാണ് യുവതിയെ വീട്ടിലേക്ക് കൊണ്ടുവിടാനായി പോയത്. പാതിവഴിയിൽ പോലീസ് പട്രോളിങ് സംഘം ഇവരെ തടയുകയായിരുന്നു. കോൺസ്റ്റബിൾ മുരുകനൊപ്പം ഒരു ഹോംഗാർഡുമുണ്ടായിരുന്നു. അസമയത്ത് യുവതിക്കൊപ്പം യാത്രചെയ്തതിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുരുകൻ മഹേഷ് കുമാറിന്റെ കൈവശമുണ്ടായിരുന്ന 11,000 രൂപയും ഫോണും എ.ടി.എം. കാർഡും ഡ്രൈവിങ് ലൈസൻസും പിടിച്ചുവാങ്ങുകയും ചെയ്തു. പിന്നീട് യുവതിയെ പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചുകൊള്ളാമെന്നു പറഞ്ഞ് മഹേഷ് കുമാറിനെ പറഞ്ഞയച്ചു. എന്നാൽ യുവതിയെ സ്വകാര്യ ലോഡ്ജിലേക്ക് കൊണ്ടുപോയ കോൺസ്റ്റബിൾ അവിടെവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയശേഷം യുവതിയെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ കയറ്റിയയക്കുകയും ചെയ്തു. മനോവിഷമത്തിലായ യുവതി കഴിഞ്ഞദിവസം ആത്മഹത്യാശ്രമം നടത്തി. വിവരമറിഞ്ഞ മഹേഷ് കുമാർ യുവതിയെയുംകൂട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ കോൺസ്റ്റബിൾ മുരുകൻ യുവതിക്കൊപ്പം ലോഡ്ജിൽ പോയത് വ്യക്തമായി. മഹേഷ്‌കുമാറിന്റെ എ.ടി.എം. കാർഡുപയോഗിച്ച് 30,000 രൂപ പിൻവലിച്ചതും കണ്ടെത്തി. അതോടെയാണ് മുരുകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തതായി മധുര പോലീസ് കമ്മിഷണർ അറിയിച്ചു.